ഓട്ടോയില്‍ കയറിയ സ്ത്രീകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി; സഹയാത്രികയായ വയോധികയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമം; പിടിയിലായത് തമിഴ്‌നാട് സ്വദേശിനികൾ

Update: 2026-01-28 11:20 GMT

വടകര: കോഴിക്കോട് വടകരയിൽ ഓട്ടോറിക്ഷയിൽ സഹയാത്രികയായിരുന്ന വയോധികയുടെ മൂന്നര പവൻ സ്വർണ്ണമാല കവരാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിനികളായ രണ്ട് യുവതികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നാഗർകോവിൽ സ്വദേശിനികളായ മണിമേഖല, വിജയ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇന്ന് രാവിലെ 8.30-ഓടെയാണ് സംഭവം.

പൂത്തൂർ പൂന്തോട്ടത്തിൽ ദേവി എന്ന വയോധികയുടെ മാലയാണ് യുവതികൾ കവരാൻ ശ്രമിച്ചത്. അറക്കിലാട് 110 കെവി സബ്‌സ്റ്റേഷൻ സ്റ്റോപ്പിൽ നിന്ന് വടകര പഴയ ബസ് സ്റ്റാൻഡിലേക്ക് പോകാനായി ഓട്ടോയിൽ കയറിയതായിരുന്നു ദേവി. യാത്രയ്ക്കിടെ ഓട്ടോയിൽ കയറിയ മണിമേഖലയുടെയും വിജയയുടെയും പെരുമാറ്റത്തിൽ ദേവിക്ക് സംശയം തോന്നിയിരുന്നു.

മാല കവരാൻ ശ്രമിച്ചതോടെ ദേവി ബഹളം വെച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവറും അതുവഴിയെത്തിയ നാട്ടുകാരും ചേർന്ന് യുവതികളെ തടഞ്ഞുവെക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വടകര പോലീസ് യുവതികളെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുകയും ചെയ്തു. 

Tags:    

Similar News