പെട്രോൾ പമ്പ് ഓഫീസിലെ ഗ്ലാസ് ഡോറിന്റെ ലോക്ക് പൊളിച്ച് അകത്തുകയറി; പണവും മൊബൈൽ ഫോണും കവർന്നു; യുവാക്കൾ പിടിയിൽ
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരിയിലെ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിലെ പ്രതികൾ തൃശൂരിൽ പിടിയിൽ. പി.എസ്. കവലയിലുള്ള പമ്പിന്റെ ഓഫീസ് കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ തൃശൂർ കൊരട്ടി സ്വദേശി റിയാദ് (24), എറണാകുളം നോർത്ത് പറവൂർ സ്വദേശി മിഥുൻ (27) എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 22-ന് അർദ്ധരാത്രിയോടെയായിരുന്നു കേസിനാസ്പദമായ മോഷണം നടന്നത്.
പമ്പ് ഓഫീസിന്റെ ഷട്ടർ ഉയർത്തി, ഗ്ലാസ് ഡോറിന്റെ ലോക്ക് തകർത്താണ് പ്രതികൾ അകത്തുകടന്നത്. മേശപ്പുറത്തെ ബാഗിൽ സൂക്ഷിച്ചിരുന്ന 18,500 രൂപയും മേശവലിപ്പ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 24,950 രൂപയും ഉൾപ്പെടെ ആകെ 43,450 രൂപയും ഒരു മൊബൈൽ ഫോണും ഇവർ കവർന്നു. മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് പോലീസ് സംഘം തൃശൂരിൽ നിന്ന് പൊക്കിയത്.
പിടിയിലായ രണ്ടുപേരും നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്. ഒന്നാം പ്രതി റിയാദ് മറ്റൊരു മോഷണക്കേസിലെ ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ഡിസംബർ 31-നാണ് പുറത്തിറങ്ങിയത്. ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ടി, പൂച്ചാക്കൽ സിഐ ഷെഫീക്ക് എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. എസ്ഐമാരായ അനിൽകുമാർ, വീനസ്, സിപിഒമാരായ ഗിരീഷ്, അരുൺ, പ്രവീഷ്, സൈബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.