ക്ഷേത്രത്തിലെ സ്റ്റോർ റൂമിന്റെ പൂട്ട് തകർത്ത് കവർച്ച; സിസിടിവിയിൽ കണ്ടയാളെ സംശയം തോന്നിയില്ല; അന്വേഷണത്തിൽ വലയിലായത് സ്ഥിരം മോഷ്ടാവ് അനന്തൻ
വള്ളികുന്നം: ആലപ്പുഴയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയിൽ. തഴവ വില്ലേജിൽ പാവുമ്പ തെക്കുംമുറി സ്വദേശി അനന്തനെയാണ് നീണ്ട അന്വേഷണത്തിനൊടുവിൽ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
വള്ളികുന്നം കട്ടച്ചിറ ആരൂർ ശ്രീദുർഗ്ഗാ ക്ഷേത്രത്തിലെ തിടപ്പള്ളിയുടെയും സ്റ്റോർ റൂമിന്റെയും പൂട്ട് തകർത്ത് ഏകദേശം 35,000 രൂപയുടെ ഓട്ട് ഉരുളികൾ, ഒരു വലിയ ഓട്ടുരുളി, ഓട്ടുമണി, നിലവിളക്കുകൾ എന്നിവയാണ് അനന്തൻ മോഷ്ടിച്ചത്. കവർച്ചയ്ക്ക് ശേഷം പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ സൈക്കിളിൽ സഞ്ചരിക്കുന്നതായി കണ്ടെങ്കിലും പ്രതികളെക്കുറിച്ച് ആദ്യഘട്ടത്തിൽ സൂചനകളൊന്നും ലഭിച്ചില്ല.
തുടർന്ന്, കായംകുളം, കരുനാഗപ്പള്ളി, ഓച്ചിറ ഭാഗങ്ങളിലെ മുൻകാല മോഷണ കേസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. ഒളിവിൽ പോയ അനന്തനെ വള്ളികുന്നം പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും മോഷണമുതലുകൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
എനാത്ത്, നൂറനാട്, കരുനാഗപ്പള്ളി, ഓച്ചിറ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ മുൻപും മോഷണ കേസുകൾ നിലവിലുണ്ട്. 1989-ൽ നൂറനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലാമ്പി സ്കൂട്ടർ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കോടതി ഇയാൾക്കെതിരെ ലോംഗ് പെൻഡിംഗ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത്രയും കാലം പിടികൂടാൻ സാധിക്കാതിരുന്ന പ്രതിയെയാണ് വള്ളികുന്നം പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ മേൽനോട്ടത്തിൽ, വള്ളികുന്നം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയൻ ടി എൽ, സിവിൽ പോലീസ് ഓഫീസർ എം അഖിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.