സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി; ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് 41കാരി മാലയുമായി കടന്നു; ധർമ്മടത്തുകാരി ആയിഷയ്ക്ക് വിനയായത് സിസിടിവി
മാഹി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മാല മോഷ്ടിച്ച യുവതിയെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപം താമസിക്കുന്ന ധർമ്മടം നടുവിലത്തറ സ്വദേശിനിയായ എൻ. ആയിഷ (41) ആണ് പിടിയിലായത്. മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ നിന്ന് കഴിഞ്ഞ 12-നാണ് മോഷണം നടന്നത്.
3 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ ആയിഷ മോഷ്ടിച്ചത്. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അഴിയൂരിലെ ഇവരുടെ വീട്ടിൽ നിന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
മോഷ്ടിച്ച മാല മാഹിയിലെ കുഞ്ഞിപ്പള്ളി ജ്വല്ലറിയിൽ വിറ്റതായി ആയിഷ മൊഴി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിൽ ഈ ജ്വല്ലറിയിൽ നിന്ന് മാല കണ്ടെത്താനായി. പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.