മുറിയിലെ ജനലിനരികിൽ വെച്ചിരുന്ന മൊബൈൽ ഫോൺ കാണാനില്ല; സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം; അറസ്റ്റിലായ ശിഹാബുദ്ദീൻ നിരവധി കേസുകളിൽ പ്രതി
മലപ്പുറം: വഴിക്കടവിൽ വീട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി പോലീസ്. വഴിക്കടവ് പൂവ്വത്തിപ്പൊയിൽ സ്വദേശി ശിഹാബുദ്ദീൻ (35) ആണ് അറസ്റ്റിലായത്. ഈ മാസം 10-ാം തീയതി രാത്രിയാണ് വഴിക്കടവ് പുന്നക്കൽ സ്വദേശിയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷണം പോയത്.
പരാതിക്കാരൻ തൻ്റെ മൊബൈൽ ഫോൺ റൂമിലെ ജനലിനരികിൽ വെച്ച് ജനൽ തുറന്നിട്ട് ഉറങ്ങുകയായിരുന്നു. രാവിലെ ഫോൺ കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. തുടർന്ന്, നിലമ്പൂർ മേഖലയിലെ വിവിധ മൊബൈൽ ഷോപ്പുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിൻ്റെ പിടിയിലായത്. മോഷണം നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.
പ്രതിക്കെതിരെ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടാതെ, കഞ്ചാവ് ഉപയോഗിച്ചതിനും വിൽപ്പനയ്ക്കായി സൂക്ഷിച്ചതിനും വേറെയും കേസുകൾ ഇയാൾക്കെതിരെയുണ്ട്. പ്രതി പ്രദേശത്തെ മറ്റ് വീടുകളിലും മോഷണം നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. നിലവിൽ മറ്റ് മോഷണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ ധനഞ്ജയദാസിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വഴിക്കടവ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ഹാഫിസ് ഫിര്‍സാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രിന്‍സ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനിജോണ്‍, ഹരിപ്രസാദ്, വിനീഷ് മാന്തൊടി, ഗീത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.