വീട്ടുകാർ ചികിത്സയില്‍ കഴിയുന്ന തക്കം നോക്കി കവർച്ച; മോഷണം പോയത് 45 കിലോ റബർ ഷീറ്റും 30 കിലോ ഒട്ടുപാലും അടക്കയും; യുവാക്കൾ പിടിയിൽ

Update: 2025-10-30 11:49 GMT

തിരുവനന്തപുരം: ആളില്ലാത്ത തക്കം നോക്കി വീട്ടിൽ കവർച്ച നടത്തിയ കേസിൽ രണ്ടുപേരെ നെയ്യാർഡാം പോലീസ് അറസ്റ്റ് ചെയ്തു. കാരിക്കുഴി കിഴക്കേ അരികത്ത് തടത്തരികത്ത് വീട്ടിൽ ടോണി (41), പറത്തി തടത്തരികത്ത് വീട് കാരിക്കുഴിയിൽ ലിനു (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വിഷക്കൂൺ കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളിൽ 9 ദിവസത്തെ കാരക്കോണം ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മോഹനൻകാണി അടക്കമുള്ള കുടുംബം വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.

മോഹനൻ കാണിയുടെ മൊഴിയെടുത്താണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവിലാണ് രണ്ടു പ്രതികളെയും പിടികൂടിയത്. മോഹനൻ കാണിയുടെ വീട്ടിൽനിന്ന് 45 കിലോ റബർ ഷീറ്റ്, 30 കിലോ ഒട്ടുപാൽ, രണ്ട് ചാക്ക് അടക്ക എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്. ഡാം സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സ്ഥലത്ത് വിശദമായ തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതികളെ പിടികൂടിയത്. മോഷണത്തിൽ ഉൾപ്പെട്ട മൂന്നാമനായ പാച്ചൻ എന്ന് വിളിക്കുന്ന റെജി (48) ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    

Similar News