ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മൃഗങ്ങളെ മോഷ്ടിച്ച കേസ്; യുവാക്കൾ പിടിയിൽ

Update: 2025-08-04 14:17 GMT

കോഴിക്കോട്: ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന പോത്തിനെയും എരുമയെയും മോഷ്ടിച്ച കേസിൽ യുവാക്കൾ പിടിയിൽ. കോഴിക്കോട് ജില്ലയിലെ എലത്തൂർ പുതിയനിരത്ത് സ്വദേശി അരുണാംകണ്ടി വീട്ടിൽ വൈശാഖ് (28), തലക്കുളത്തൂർ സ്വദേശി തയ്യിൽ വീട്ടിൽ അജ്‌മൽ (23) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഭട്ട് റോഡിലെ ഉദയം ഹോമിന് സമീപത്ത് നിന്നാണ് പ്രതികൾ മൃഗങ്ങളെ കടത്തിക്കൊണ്ടുപോയത്.

ജൂലൈ 19ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പുതിയകടവ് സ്വദേശി ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു മൃഗങ്ങൾ. ഭട്ട് റോഡിലെ ഉദയം ഹോമിന് സമീപത്ത് വെച്ച് മൃഗങ്ങളെ വാഹനത്തില്‍ കയറ്റി കടത്തിക്കൊണ്ടുപോയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഫിറോസിന്റെ പരാതിയില്‍ വെള്ളയിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അന്വേഷണത്തിനിടെ വെള്ളയില്‍ പരിസരത്തുവച്ചാണ് പ്രതികൾ ഇന്നലെ പിടിയിലായത്. വെള്ളയിൽ സ്റ്റേഷൻ എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Tags:    

Similar News