കൊടുങ്ങല്ലൂരിൽ യുവാവിനെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: യുവാവിനെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈൽ ഫോണും കവർന്ന കേസിൽ സഹോദരങ്ങളായ രണ്ടുപേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ ഉഴുവത്ത്കടവിൽ വെച്ചായിരുന്നു സംഭവം. മാള വലിയപറമ്പ് സ്വദേശികളായ പോട്ടക്കാരൻ വീട്ടിൽ അജയ് (19), രോഹിത് (18) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ കേസിനാസ്പദമായ സംഭവം. ഉഴുവത്തുംകടവ് സ്വദേശിയായ പൈനാടത്ത്കാട്ടിൽ അനന്തുവിനെയാണ് പ്രതികൾ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയത്. തുടർന്ന് അനന്തുവിൻ്റെ കഴുത്തിലുണ്ടായിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന സ്വർണ ഏലസും മൊബൈൽ ഫോണും ഇവർ കവരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളെ മാളയിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്. കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ അരുൺ ബി. കെയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സാലിം, ജിജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധനേഷ്, വിഷ്ണു, അബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.