അകത്ത് കയറിയത് പുറകിലെ വാതിലിന്റെ പൂട്ട് പൊളിച്ച്; വീട്ടുകാര്‍ ഉണ്ടായിരുന്നിട്ടും കവർച്ച നടത്തിയത് വിദഗ്ദമായി; മുഖംമൂടി ധരിച്ചെത്തിയ കള്ളൻ കയറിയത് 2 വീടുകളിൽ; നഷ്ടമായത് 1.92 ലക്ഷം രൂപയും സ്വര്‍ണവും
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് രണ്ട് വീടുകളിൽ അർദ്ധരാത്രിയോടെ നടന്ന കവർച്ചയിൽ ഒന്നേമുക്കാൽ ലക്ഷം രൂപയും സ്വർണ്ണവും നഷ്ടമായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ചുലാംവയൽ അമ്പലപ്പറമ്പിൽ സത്താറിൻ്റെ വീട്ടിൽ നിന്നും 1,90,000 രൂപയും സ്വർണ്ണാഭരണങ്ങളും, സമീപവാസിയായ ഉമ്മറിൻ്റെ വീട്ടിൽ നിന്നും 2000 രൂപയും ഒരു സ്വർണ്ണ വളയുമാണ് കവർന്നത്. ഇതിന് സമീപത്തുള്ള ഫാരിസിൻ്റെ വീട്ടിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.
ഗൾഫിൽ ജോലി ചെയ്യുന്ന സത്താറിൻ്റെ വീട്ടിൽ, പിൻവാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നിട്ടും, അവർ അറിയാതെ പണവും സ്വർണ്ണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടാവ് മുഖംമൂടി ധരിച്ചെത്തിയതിനാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിയാൻ പോലീസിന് സാധിച്ചിട്ടില്ല.
സംഭവമറിഞ്ഞതിനെ തുടർന്ന് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. വീട്ടുകാരുടെ മൊഴിയെടുത്ത പോലീസ്, മോഷ്ടാവിനെ കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങൾ ആരംഭിച്ചു. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.