അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ചു; വയോധികന്റെ പരാതിയിൽ ബന്ധുവിനെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പകരം മുക്കുപണ്ടം വെച്ച കേസിൽ ബന്ധുവിനെതിരെ പൊലീസ് കേസെടുത്തു. വെട്ടുകാട് ബാലനഗർ സ്വദേശിയായ വയോധികനാണ് പരാതി നൽകിയിരിക്കുന്നത്. 24 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
വയോധികൻ ആശുപത്രിയിൽ ചികിത്സ തേടിപ്പോയ സമയത്താണ് വീട്ടിൽ താമസിച്ചിരുന്ന ബന്ധു സ്വർണാഭരണങ്ങൾ മോഷ്ടിച്ച് മുക്കുപണ്ടം വെച്ചതെന്നാണ് പരാതിയിലെ ആരോപണം. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളിൽപ്പെട്ട ഒരു മാല സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയം വെച്ചതായി കണ്ടെത്തുകയായിരുന്നു. ഈ മാല വയോധികൻ്റെ അടുത്ത ബന്ധുവിൻ്റെ പേരിലാണ് പണയം വെച്ചിരുന്നത്.
വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് പണയം വെച്ച മാല കസ്റ്റഡിയിലെടുക്കുകയും പ്രതിയായ ബന്ധുവിനെതിരെ കേസെടുക്കുകയും ചെയ്തു. വയോധികൻ്റെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.