വഴിയാത്രക്കാരനെ ആക്രമിച്ച് പണവും ഫോണുമായി കടന്നു; പട്രോളിങ്ങിനിടെ പോലീസ് കസ്റ്റഡിയില്‍ എടുത്തു; ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് കവര്‍ച്ചയുടെ കഥകള്‍: മോഷ്ടാവ് അറസ്റ്റില്‍
വഴിയാത്രക്കാരനെ ആക്രമിച്ച് പണവും ഫോണുമായി കടന്നു
പത്തനംതിട്ട: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണം, കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവ് പത്തനംതിട്ട പോലീസിന്റെ പിടിയിലായി. തണ്ണിത്തോട് തേക്ക് തോട് സതീഷ് ഭവനില്‍ തേക്കോട് സതീശന്‍ എന്ന സതീഷ് (40) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പത്തനംതിട്ട അമല ബാറിന് മുന്നിലെ ഇടവഴിയില്‍ വച്ച് കോന്നി ഇളക്കൊള്ളൂര്‍ പുനമൂട്ടില്‍ വീട്ടില്‍ മോഹനനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അറസ്റ്റ്. മോഹനന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച്, അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന 3400 രൂപയും, മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയായിരുന്നു.
ഇന്ന് സ്റ്റേഷനിലെത്തി പരാതി നല്‍കിയ മോഹനന്റെ മൊഴിപ്രകാരം എസ് ഐ ബി കൃഷ്ണകുമാര്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ പരിസരത്തു നിന്നും സംശയകരമായ സാഹചര്യത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. കരുതല്‍ തടങ്കലില്‍ സ്റ്റേഷനില്‍ പാര്‍പ്പിച്ച ഇയാളെ, സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ വിശദമായ ചോദ്യം ചെയ്തപ്പോള്‍ മോഷണം സംബന്ധിച്ച് വെളിപ്പെടുത്തി. തുടര്‍ന്ന് ഇന്ന് രാവിലെ സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞശേഷം ഇയാള്‍ കുറ്റം സമ്മതിക്കുകയും, ഉച്ചക്ക് 1.30 ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ദേഹപരിശോധനയില്‍ പണവും പേഴ്സും കണ്ടെത്തി.
പത്തനംതിട്ട, റാന്നി, കോന്നി തുടങ്ങിയ സ്റ്റേഷനുകളില്‍ 2014 മുതല്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കവര്‍ച്ചാകേസുകളില്‍ പ്രതിയാണ് ഇയാള്‍. തുടര്‍നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.