ഷാപ്പിനകത്തേക്ക് വിളിച്ചിട്ട് വന്നില്ല; പിന്നാലെ ജീവനക്കാരനെ മർദിച്ചു; മൂന്ന് പേർ പിടിയിൽ; സംഭവം തൃശ്ശൂരിൽ
തൃശൂർ: വാടാനപ്പള്ളിയിൽ കള്ള് ഷാപ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ടശ്ശേരി ബീച്ച് സ്വദേശികളായ പട്ടാലി വീട്ടിൽ ഹൃതിക് റോഷൻ (31), നമ്പിവീട്ടിൽ അഖിൽ (31), കുറുക്കൻപര്യ വീട്ടിൽ മണികണ്ഠൻ (27) എന്നിവരെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 22ന് രാവിലെയാണ് സംഭവം നടന്നത്. ജീവനക്കാരനായ ഷാജിലിനെ (28)യാണ് പ്രതികൾ ആക്രമിച്ചത്.
വാടാനപ്പള്ളി ബീച്ച് റോഡിലുള്ള കള്ള് ഷാപ്പിൽ എത്തിയ പ്രതികൾ, ഷാപ്പിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനെ അകത്തേക്ക് വിളിക്കുകയായിരുന്നു. എന്നാൽ ജീവനക്കാരൻ വരാതിരുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്.
പ്രതികൾ ഷാജിലിനെ ഷാപ്പിനകത്തേക്ക് വിളിച്ചപ്പോൾ പ്രതികരിക്കാതിരുന്നതിലുള്ള ദേഷ്യത്തിൽ മർദ്ദിക്കുകയായിരുന്നു. ഷാജിലിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു, ജൂനിയർ സബ്ബ് ഇൻസ്പെക്ടർ സുബിൻ, സിവിൽ പോലീസ് ഓഫീസർ അമൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.