താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് തുടരും; വാഹനങ്ങൾ നിർത്താനോ ആളുകൾ പുറത്തിറങ്ങാനോ അനുവാദമില്ല; മൾട്ടി-ആക്‌സിൽ വാഹനങ്ങൾക്ക് പ്രവേശനം
By : സ്വന്തം ലേഖകൻ
Update: 2025-08-31 06:51 GMT
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ ഭാഗത്ത് വാഹനങ്ങൾ നിർത്താനോ ആളുകൾ പുറത്തിറങ്ങാനോ അനുവാദമില്ല. അതേസമയം, മൾട്ടി-ആക്‌സിൽ വാഹനങ്ങൾക്ക് ചുരത്തിലൂടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
നിലവിൽ ചുരത്തിൽ ഒറ്റവരി ഗതാഗത നിയന്ത്രണം തുടരുന്നുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നും വയനാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ, പോലീസിന്റെ നിയന്ത്രണത്തോടെയാണ് കടത്തിവിടുന്നത്. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിലവിലെ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുമെന്നും പോലീസ് അറിയിച്ചു. ഈ നിയന്ത്രണങ്ങൾ മുഖ്യമായും സുരക്ഷാ കാരണങ്ങളാലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായുള്ള മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്താണ് ജില്ലാ കളക്ടറുടെ ഈ നടപടികൾ.