എറണാകുളം- പാലക്കാട് റൂട്ടിലൂടെ ഓടുന്ന ട്രെയിനുകളുടെ സ്വഭാവം ശരിയല്ല; രാവിലെ ജോലിക്ക് പോകുന്നവരും വിദ്യാർഥികളും തീരാ ദുരിതത്തിൽ; തിരിഞ്ഞു നോക്കാതെ അധികൃതർ

Update: 2025-11-10 07:20 GMT

കൊച്ചി: എറണാകുളം-പാലക്കാട് റൂട്ടിൽ ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുന്ന ട്രെയിൻ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസവും ജോലി, പഠനാവശ്യങ്ങൾക്കായി ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് സമയബന്ധിതമായ ട്രെയിൻ സർവീസുകൾ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. നിലവിൽ രാവിലെ 10 മണിക്ക് മുമ്പ് പാലക്കാട്ടെത്താനും വൈകീട്ട് 5 മണിക്ക് ശേഷം പാലക്കാട് നിന്ന് പുറപ്പെടാനും സൗകര്യപ്രദമായ ട്രെയിൻ സർവീസുകളില്ല.

ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ കാരണം ബസ് യാത്രയും ബുദ്ധിമുട്ടായതോടെ ട്രെയിനിനെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എറണാകുളം-പാലക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് ഫോറം ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയത്തിനും മറ്റ് ജനപ്രതിനിധികൾക്കും പലതവണ നിവേദനം നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.

നിലവിലുള്ള എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ് (രാവിലെ 10.05) ഉം അലപ്പുഴ-ധൻബാദ് എക്സ്പ്രസ് (രാവിലെ 10.20) ഉം അരമണിക്കൂർ നേരത്തേയാക്കിയാൽ യാത്രക്കാർക്ക് സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. അതുപോലെ, പാലക്കാട് 11.30-ന് എത്തുന്ന പാലരുവി എക്സ്പ്രസ് 9.50-ന് എത്തിച്ചാൽ പ്രയോജനകരമാകും.

വൈകുന്നേരത്തെ സ്ഥിതി ഇതിലും ദയനീയമാണ്. പാലക്കാട് നിന്ന് വൈകീട്ട് 4.05-ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസിന് ശേഷം രാത്രിവരെ എറണാകുളത്തേക്ക് മറ്റൊരു ട്രെയിൻ ലഭ്യമല്ല. പാലരുവി എക്സ്പ്രസ് 5.20-ന് പുറപ്പെടുന്നത് യാത്രാ സൗകര്യത്തിന് സഹായകമാകും. കൂടാതെ, വൈകീട്ട് 5.30-ന് പുറപ്പെടുന്ന പാലക്കാട്-എറണാകുളം പാസഞ്ചർ ട്രെയിൻ അല്ലെങ്കിൽ മെമു സർവീസ് കൂടി ആരംഭിച്ചാൽ യാത്രാ ദുരിതങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും.

Tags:    

Similar News