ചൊവ്വല്ലൂര്‍പ്പടിയിൽ മരം വീണ് അപകടം; വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു; ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൻ നാശനഷ്ടങ്ങൾ
By : സ്വന്തം ലേഖകൻ
Update: 2025-02-22 06:24 GMT
തൃശൂര്‍: ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി കെബിഎം റോഡില്‍ മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. വൈദ്യുതി ലൈനുകള്‍ക്ക് അടിയില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വല്ലൂര്‍പ്പടി സെന്‍റ് ജോണ്‍സ് സ്‌കൂളിനു മുന്നില്‍ മനയില്‍ കൃഷ്ണാനന്ദന്‍റെ വീട്ടുവളപ്പിലെ മാവിന്‍റെ കൊമ്പാണ് ഒടിഞ്ഞു വീണത്.
സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്നതിനാല്‍ സ്‌കൂള്‍ അധികൃതരും നാട്ടുകാരും വിവരമറിയിച്ചത് അനുസരിച്ച് കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്‌ഛേദിച്ച് മരം മുറിച്ചു നീക്കാനുള്ള ശ്രമത്തിനിടെ പന്ത്രണ്ടരയോടെ മാവിന്റെ വലിയൊരു കൊമ്പു കൂടി ഒടിഞ്ഞുവീണു. ഈ സമയം ലൈന്‍മാന്‍ കലേഷ് മരത്തിന് താഴെ നിന്നിരുന്നു. ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.