ആര്‍ഭാടജീവിതത്തിനായി ലഹരി വിൽപ്പന; ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളെ; 33.45 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
കോഴിക്കോട്: സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ. കോഴിക്കോട് നടുവട്ടം സ്വദേശി മഠത്തില്‍ പറമ്പ് എന്‍.പി.ഹൗസില്‍ മഹറൂഫ് (33്), കൊളത്തറ സ്വദേശി കോട്ടക്കുളങ്ങര വീട്ടില്‍ മുഹമ്മദ് ഷഹീര്‍ (27) എന്നിവരാണ് പിടിയിലായത്. ബേപ്പൂര്‍ ബി.സി റോഡില്‍ വെച്ചാണ് 33.45 ഗ്രാം എംഡിഎംഎ യുമായി ഇവർ പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും ട്രെയിന്‍ മാര്‍ഗം മയക്കുമരുന്നുമായി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേയ്ക്ക് പോകുന്ന വഴി പ്രതികള്‍ പിടിയിലാകുകയായിരുന്നു.
പ്രതികള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധം മനസ്സിലാക്കിയ ഡാന്‍സാഫ് ഇരുവരെയും കുറച്ച് നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്നും, ഗോവയില്‍ നിന്നും എംഡിഎംഎ മൊത്തമായി വാങ്ങി കോഴിക്കോട് എത്തിച്ച് ഫറോക്ക്, ബേപ്പൂര്‍, മാറാട്, മലപ്പുറം, കൊണ്ടോട്ടി ഭാഗങ്ങളിലെ അന്യസംസ്ഥാന തൊളിലാളികള്‍ ഉള്‍പ്പെടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും, യുവജനങ്ങള്‍ക്കിടയിലും വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാള്‍.
മയക്കുമരുന്ന് വില്‍പനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്നു ഇവര്‍. ആര്‍ക്കൊക്കെയാണ് പ്രതികള്‍ ലഹരി വിതരണം ചെയ്യുന്നതെന്നും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. ലഹരി മാഫിയ സംഘത്തിലെ മറ്റ് കൂട്ടാളികളെ കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ഇതിന് മുന്‍പും സമാന രീതിയില്‍ മയക്കുമരുന്ന് കോഴിക്കോട് എത്തിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് സൂചന. അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. നാര്‍ക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാന്‍സാഫും, ബേപ്പൂര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ നൗഷാദിന്റെ നേതൃത്വത്തിലുള്ള ബേപ്പൂര്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
കോഴിക്കോട് സിറ്റി ആന്റി നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാന്‍സാഫിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് എടയെടത്ത്, എസ്.സി.പി.ഒ മാരായ അഖിലേഷ്, സുനോജ്, ലതീഷ്, സരുണ്‍ കുമാര്‍, ശ്രീശാന്ത്, ഷിനോജ്, അതുല്‍, അഭിജിത്ത്, ദിനീഷ് , തൗഫീഖ് എന്നിവരും എന്നിവരും ബേപ്പൂര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ്, അസിസ്റ്റന്റെ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ദീപ്തിലാല്‍, എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒ മാരായ പ്രഭാത്, സരുണ്‍ എന്നിവരുമാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.