ക്ഷേത്രക്കുളത്തിൽ രണ്ടുപേർ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ; ഒരാൾ രക്ഷപ്പെട്ടു; സംഭവം തിരുവനന്തപുരത്ത്

Update: 2024-12-11 09:54 GMT

തിരുവനന്തപുരം: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. ഉള്ളൂർ തുറുവിയ്ക്കലാണ് സംഭവം നടന്നത്. രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് മുങ്ങിമരിച്ചത്. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു.

പറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർമാരായ സുഹൃത്തുക്കൾ ഇന്ന് പകൽ 11 മണിയോടെയാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനായി ഇറങ്ങിയത്.

ആഴം കൂടുതലുള്ള ഭാഗം ആയതിനാൽ ആളുകൾ ഇറങ്ങാതിരിക്കാൻ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്ന ക്ഷേത്ര കുളത്തിലാണ് ഇവർ ഇറങ്ങിയത്. 12 മണിയോടെ ഇവർ മുങ്ങി താഴുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്.

ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേർ കരക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹങ്ങൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News