ചേട്ടാ..'മുട്ടക്കറി' ഉണ്ടോ?; ഇല്ലെന്ന കടക്കാരന്റെ മറുപടിയിൽ നല്ല ഇടിപൊട്ടി; ജോലിക്കാരിയെ തെറിവിളിച്ച് അതിക്രമം; കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്
ആലപ്പുഴ: ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയുടെ പേരിൽ തർക്കമുണ്ടാക്കി ഹോട്ടലുടമയെയും ജീവനക്കാരിയെയും മാരകമായി മർദിച്ച കേസിൽ രണ്ടുപേരെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി മരുത്തോർവട്ടം കൊച്ചുവെളി വീട്ടിൽ അനന്തു (27), ഗോകുൽ നിവാസിൽ കമൽ ദാസ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ 9ന് വൈകിട്ട് പോറ്റിക്കവലയ്ക്ക് സമീപമുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രതികൾ, മുട്ടക്കറിയുമായി ബന്ധപ്പെട്ട് ഹോട്ടലുടമയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് ഇരുവരും ഹോട്ടലിന്റെ അടുക്കളയിലേക്ക് അതിക്രമിച്ചു കയറി കടയുടമയെയും അവിടുത്തെ ഒരു ജീവനക്കാരിയെയും മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
ചപ്പാത്തി പരത്തുന്നതിനുള്ള കോലെടുത്ത് കടയുടമയുടെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തിൽ നരഹത്യാശ്രമത്തിനാണ് മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ, പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതും സ്റ്റേഷനിലെ സിസിടിവി ക്യാമറ തകർത്തതുമായ കേസുകളിലും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്.
മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി കെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ചന്ദ്രബാബു, സുനിൽകുമാർ, എ എസ്ഐ മിനിമോൾ, സിവിൽ പോലീസ് ഓഫീസർമാരായ സരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.