റാപ്പര്‍ വേടനെതിരെയുള്ള ആക്രമണത്തിലൂടെ തെളിയുന്നത് സംഘപരിവാറിന്റെ ദളിത് വിരുദ്ധ രാഷ്ട്രീയവും ചാതുര്‍വര്‍ണ്യ ബോധവും; സാംസ്‌കാരിക കേരളം അത് അനുവദിച്ചു കൊടുക്കരുതെന്ന് ഡി വൈ എഫ് ഐ
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെയുള്ള ആക്രമണത്തിലൂടെ തെളിയുന്നത് സംഘപരിവാറിന്റെ ദളിത് വിരുദ്ധ രാഷ്ട്രീയവും ചാതുര്‍വര്‍ണ്യ ബോധവുമാണെന്ന് ഡിവൈഎഫ്‌ഐ. സംഘപരിവാര്‍ നേതാക്കള്‍ നടത്തുന്ന ഹീനമായ അഭിപ്രായങ്ങള്‍ മനുസ്മൃതിയില്‍ ജീവിക്കുന്ന സംഘപരിവാറിന്റെ ചാതുര്‍വര്‍ണ്യ ആശയങ്ങള്‍ക്ക് നേരെ അദ്ദേഹത്തിന്റെ വരികള്‍ തറച്ചതിലുള്ള പ്രതികരണമാണ്. വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യ- കൗമാരങ്ങളോട് പടവെട്ടി സ്വയം ഉയര്‍ന്നു വന്ന കലാകാരനാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംഗീതത്തിന്റെ വരികളിലും താളത്തിലും ഹിന്ദുത്വയുടെ ജാതി പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പ്രതിഷേധവും പോരാട്ടവും ഏറെയുണ്ട്. മഹാത്മാ അയ്യങ്കാളി മുതല്‍ പലസ്തീന്‍ വിമോചന പോരാളി യാസര്‍ അറാഫത്ത് വരെ പ്രത്യക്ഷപ്പെടുന്ന വരികള്‍ വേടന്റെ ആരാധകരായ യുവാക്കളും കുട്ടികളും ഒന്നിച്ച് ഏറ്റു പാടുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന് സഹിക്കാവുന്നതിലുമപ്പുറമാണ്. അതിനാല്‍ തന്നെയാണ് ഹിന്ദു ഐക്യവേദിയും ആര്‍എസ്എസുമൊക്കെ വേടനെ ആക്രമിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. ഇത് പുരോഗമന കേരളത്തിന് അനുവദിച്ചു കൊടുക്കാന്‍ കഴിയുന്നതല്ലെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം വളരെ മാതൃകാപരമായ നിലപാടാണ് വേടന്‍ കൈക്കൊണ്ടത്. താന്‍ ചെയ്ത തെറ്റ് തിരിച്ചറിയുകയും അതില്‍ ക്ഷമ ചോദിക്കുകയും സമൂഹത്തോട് ഏറ്റു പറയുകയും കേസ് നേരിടുകയും ചെയ്ത് കൊണ്ട് തെറ്റ് തിരുത്തിയ വേടനെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കലയിലൂടെ തന്നെ ലഹരിക്കെതിരായ വലിയ ക്യാമ്പയിന്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് തന്നെയാണ് ഒരു പരിഷ്‌കൃത സമൂഹം കൈക്കൊള്ളേണ്ട ശരിയായ തീരുമാനവും. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ വേടനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. ഇത് പുരോഗമന കേരളം അനുവദിച്ചു കൊടുക്കില്ല.
വേടന്റെ പാട്ടിലെ വരികളോട് പല രീതിയിലും പലര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ആഗോള രാഷ്ട്രീയമടക്കം വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്ന വിവരങ്ങളിലെ പശ്ചാത്യ പ്രോപ്പഗണ്ട സ്വാധീനം വേടന്റെ വരികളിലും പ്രതിഫലിക്കുന്ന പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ആ കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്രത്തിന് വിലങ്ങു തടിയായി മാറാനോ ആ കാരണത്താല്‍ അയാള്‍ ആക്രമിക്കപ്പെടാനോ പാടില്ല. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെ മതനിരപേക്ഷ മനുഷ്യപക്ഷത്ത് നിലനില്‍ക്കുന്ന കലാകാരനാണ് വേടന്‍.
സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ദളിത് വിരുദ്ധതയും ചാതുര്‍വര്‍ണ്യ ബോധവുമാണ് വേടനെതിരെയുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നത്. സാംസ്‌കാരിക കേരളം അത് അനുവദിച്ചു കൊടുക്കരുതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.