900ലധികം സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്, ഇ ഓഫീസുകള്‍: ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ലക്ഷ്യം

900ലധികം സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്, ഇ ഓഫീസുകള്‍: ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ലക്ഷ്യം

Update: 2025-10-29 11:36 GMT

തിരുവനന്തപുരം: ആരോഗ്യ മേഖലയെ ആധുനികതയിലേക്ക് നയിച്ച കാലഘട്ടമാണിതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ രംഗത്ത് ലോകോത്തരമായ പല സാങ്കേതിക സംവിധാനങ്ങളും കൊണ്ടു വന്നു. റോബോട്ടിക് സര്‍ജറി, ജി ഗെയ്റ്റര്‍, ബ്ലഡ് ബാങ്ക് ട്രീസബിലിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ യാഥാര്‍ഥ്യമാക്കി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഫിസിയോതെറാപ്പി സജ്ജമാക്കി. ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷനാണ് ലക്ഷ്യമിടുന്നത്. അത് കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇ ഓഫീസുകള്‍ സാധ്യമാക്കി. 900ല്‍ അധികം ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനമൊരുക്കിയതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രകേരളം, കായകല്‍പ്പ്, എംബിഎച്ച്എഫ്‌ഐ അവാര്‍ഡ്, നഴ്സസ് അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളുടെ വിതരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ശിശുമരണ നിരക്ക് അമേരിക്കയേക്കാള്‍ കുറഞ്ഞ നിരക്കില്‍ കൊണ്ടു വരാന്‍ സാധിച്ചു. ആരോഗ്യ മേഖലയില്‍ കഴിഞ്ഞ ഒമ്പതര വര്‍ഷക്കാലം ഉണ്ടായ നേട്ടം സമാനതകളില്ലാത്തതാണ്. എല്ലാ ആശുപത്രികളേയും ജന സൗഹൃദവും രോഗീ സൗഹൃദവും ആക്കാനാണ് ലക്ഷ്യമിട്ടത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളും 308 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിച്ചു. 885 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 740 കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധിച്ചു. അടിസ്ഥാന സൗകര്യ വികസനം, ലാബ് സൗകര്യം, വൈകുന്നേരം വരെയുള്ള ഒപി എന്നിവ ഉറപ്പാക്കി. എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

അടുത്ത വര്‍ഷം മുതല്‍ ആര്‍ദ്ര കേരളം പുരസ്‌കാരത്തിന്റെ മാനദണ്ഡങ്ങളില്‍ പൊതുജനാരോഗ്യ നിയമം കൂടി കൊണ്ടുവരും. തദ്ദേശ സ്ഥാപനങ്ങള്‍ മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ഈ പ്രവര്‍ത്തനങ്ങളുടെ മികവ് കൂടി പുരസ്‌കാര മാനദണ്ഡങ്ങളില്‍ ഉണ്ടാകും. ലാബ് പരിശോധനയില്‍ സര്‍ക്കാര്‍ നിര്‍ണായക ഇടപെടല്‍ നടത്തുകയാണ്. സംസ്ഥാനത്ത് നിര്‍ണയ ഹബ് ആന്റ് സ്പോക്ക് മോഡല്‍ യാഥാര്‍ഥ്യമാകുന്നു. 1300 ലാബുകളെ ബന്ധിപ്പിച്ച് 131 ലാബ് പരിശോധനകള്‍ നടത്താനാകും. അര്‍ഹരായവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും പരിശോധനകള്‍ നടത്താന്‍ സാധിക്കും. ഇന്ത്യാ പോസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലാബ് പരിശോധനാ രംഗത്ത് ഇത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കും.

എഎംആര്‍ പ്രതിരോധത്തിന് സംസ്ഥാനം മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. രണ്ട് ആശുപത്രികള്‍ ആന്റിബയോട്ടിക് സ്മാര്‍ട്ടായി. 100 ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി ആന്റിബയോട്ടിക് സ്മാര്‍ട്ട് ആകുകയാണ്. അമീബിക് മസ്തിഷ്‌ക ജ്വരം ചികിത്സയിലും പ്രതിരോധത്തിലും കേരളം വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഐസിഎംആര്‍ സഹകരണത്തോടെ പഠനങ്ങള്‍ തുടരുന്നു. പുരസ്‌കാരത്തിന് അര്‍ഹരായ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

തദ്ദേശ സ്ഥപനങ്ങള്‍ പൊതുജനാരോഗ്യ രംഗത്ത് വലിയ ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആരോഗ്യ രംഗത്ത് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന പിന്തുണ ദൃശ്യമാണ്. ജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലകളിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

2022-23, 2023-24 വര്‍ഷങ്ങളിലെ ആര്‍ദ്രകേരളം പുരസ്‌കാരം, 2022-2023, 2023-2024, 2024-2025 വര്‍ഷങ്ങളിലെ കായകല്‍പ്പ് പുരസ്‌കാരം, എംബിഎച്ച്എഫ്‌ഐ അവാര്‍ഡ്, 2022-2023, 2023-2024 വര്‍ഷങ്ങളിലെ നഴ്സസ് അവാര്‍ഡ് എന്നിവയുടെ വിതരണം, നിര്‍ണയ ഹബ് ആന്റ് സ്പോക്ക് മോഡല്‍ സംസ്ഥാനതല ഉദ്ഘാടനം, പിഎച്ച് ആപ്പ്, കാസ്പ് ഹെല്‍ത്ത് മൊബൈല്‍ ആപ്പ് & വെബ് പോര്‍ട്ടല്‍, ശ്രുതി തരംഗം പദ്ധതിയുടെ ലോഗോ- വെബ് പോര്‍ട്ടല്‍ പ്രകാശനം എന്നിവയും നടന്നു.

Tags:    

Similar News