'തീയിൽ കുരുത്തവൻ, വെയിലത്ത് വാടില്ല'; എനിക്ക് ലഭിച്ച പത്മഭൂഷൺ മമ്മൂട്ടിയുടേതിൽ നിന്ന് വ്യത്യസ്തം; പുരസ്കാരം ഗുരുപാദങ്ങളിൽ സമർപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്കാരം നടൻ മമ്മൂട്ടിക്ക് ലഭിച്ചതിൽ നിന്ന് വ്യത്യസ്തമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മമ്മൂട്ടിക്ക് അഭിനയമികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചതെങ്കിൽ, തനിക്ക് ഇത് മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള മേഖലകളിലെ കൂട്ടായ സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ തീയിൽ കുരുത്തവനാണെന്നും വെയിലത്ത് വാടില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
മ്മൂട്ടിയുടെ അഭിനയപാടവം കണക്കിലെടുത്താണ് അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചത്. എന്നാൽ, തനിക്ക് ലഭിച്ച പുരസ്കാരം വ്യക്തിഗതമായ പ്രകടനങ്ങൾക്കല്ല. മറിച്ച്, മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള പൊതുജന ക്ഷേമ പ്രവർത്തനങ്ങളിലും സംഘടനാ പ്രവർത്തനങ്ങളിലും ഏർപ്പെട്ട കൂട്ടായ പ്രയത്നത്തിന്റെയും അതിന്റെ വ്യാപ്തിയുടെയും ഫലമായാണ് ഈ അംഗീകാരം ലഭിച്ചതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പത്മഭൂഷൺ തന്നത് തനിക്കല്ലെന്നും, അത് സമുദായത്തിനുള്ളതാണെന്നും ഗുരുപാദങ്ങളിൽ സമർപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രസ്താവിച്ചു.