പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന; കൊച്ചി നഗരത്തിൽ കണ്ടെത്തിയത് വ്യാപക നിയമ ലംഘനങ്ങൾ; മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി
കൊച്ചി: ഗതാഗത വകുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരം കൊച്ചി നഗരത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക നിയമ ലംഘനങ്ങൾ. മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. കൂടാതെ 10000 രൂപ പിഴയും ഈടാക്കി. എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ആർ.ടി. ഒ (എൻഫോഴ്സ്മെൻ്റ്) സ്ക്വാഡ്, എറണാകുളം സിറ്റി പോലീസ് എന്നിവർ സംയുക്തമായി നഗരത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.
കൂടാതെ നിയമ ലംഘനം നടത്തിയ പതിനെട്ട് ബസുകൾക്കെതിരെയും നടപടികൾ സ്വീകരിച്ചു. ഹൈകോർട്ട് ജംഗ്ഷൻ, കലൂർ ബസ്സ് സ്റ്റാൻ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നഗരത്തിൽ സർവിസ് നടത്തുന്ന ബസ് ഡ്രൈവർമാർക്കെതിരെ വ്യാപകമായി പരാതികൾ ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. പരിശോധന വരുന്ന ദിവസങ്ങളിലും തുടരുമെന്നും എറണാകുളം ആർ.ടി.ഓ (എൻഫോഴ്സ്മെൻ്റ്) അറിയിച്ചു.