യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് 3.50 ലക്ഷം തട്ടി; സമാന കേസില്‍ റിമാന്‍ഡില്‍ ആയിരുന്നയാളെ അറസ്റ്റ് ചെയ്ത് കോയിപ്രം പോലീസ്

യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് 3.50 ലക്ഷം തട്ടി

Update: 2025-03-04 03:39 GMT

പത്തനംതിട്ട: യു.കെയില്‍ ഫൈന്‍ ദിനിഗിങ് എന്ന സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ ജോലി നല്‍കാമെന്നു പറഞ്ഞ് നഴ്സില്‍ നിന്ന് പണം തട്ടിയ കേസില്‍ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട് പള്ളിക്കച്ചിറ മുക്കാഞ്ഞിരം തുമ്പോളില്‍ വീട്ടില്‍ തോമസ് ജോണ്‍(52) ആണ് പിടിയിലായത്.

ഓഫര്‍ ലെറ്റര്‍ കാണിച്ചു 2022 സെപ്റ്റംബര്‍ 28 ന് പ്രതി പരാതിക്കാരിയുടെ കയ്യില്‍ നിന്നും 3.50 ലക്ഷം കൈപ്പറ്റി. പിന്നീട് വിസയോ വാങ്ങിയ തുകയോ തിരികെ കൊടുക്കാതെ കബളിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം മുങ്ങിയ ഇയാളെ അഞ്ചല്‍ പോലീസ് സമാന കേസില്‍ അറസ്റ്റ് ചെയ്തു തിരുവനന്തപുരം സ്പെഷ്യല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു പാര്‍പ്പിച്ചു വരികയായിരുന്നു. അവിടെ ചെന്ന് ഇയാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി.

പ്രതിക്ക് തിരുവല്ല, പോത്താനിക്കാട്, അഞ്ചല്‍ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐ ഷൈജു, എസ്.സി.പി.ഓ ജോബിന്‍ ജോണ്‍, സി.പി.ഓ ശരത് കുമാര്‍ എന്നിവരാണുള്ളത്.

Tags:    

Similar News