പലയിടത്തും മഴ തകർത്ത് പെയ്യുന്നു; ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന് ഭീതി; ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെത്തുടർന്ന് തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാന നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വാമനപുരം (മൈലമൂട് സ്റ്റേഷൻ) നദിയിലും കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിലുമാണ് ജലനിരപ്പ് അപകടകരമായി ഉയർന്നതിനെ തുടർന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ, നദികളുടെ തീരത്തുള്ളവരോട് യാതൊരു കാരണവശാലും നദികളിൽ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ ചെയ്യരുതെന്ന് അധികൃതർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ, പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് മഴ കനത്തതിനെത്തുടർന്ന് തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ഒക്ടോബർ 24-ന് തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.