'അന്ന് കെഎസ്ആർടിസി ഡ്രൈവർ, ഇന്ന് സ്വിഗ്ഗി ഡെലിവറി ബോയ്'; മക്കളെ നോക്കണം, ജീവിക്കണം; ആര്യ രാജേന്ദ്രന്റെ വീടിന് അടുത്ത് വരെ ഓർഡർ കിട്ടി; പുതിയ ജോലിയെക്കുറിച്ച് യദു പറയുന്നതിങ്ങനെ

Update: 2026-02-11 13:13 GMT

തിരുവനന്തപുരം: നടുറോഡിൽ മുൻമേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയുമായി തർക്കത്തിലേറ്റതിന് പിന്നാലെ ജോലി നഷ്ടമായ കെഎസ്ആർടിസി ഡ്രൈവർ യദു, ഇപ്പോൾ ഉപജീവനത്തിനായി സ്വിഗ്ഗി ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണ്. താൽക്കാലിക ജോലി പോയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യദു, നിത്യവൃത്തിക്കായാണ് ഡെലിവറി ജോലി തിരഞ്ഞെടുത്തത്. അതേസമയം, സംഭവത്തിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ മേയറെയും എംഎൽഎയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

യദുവിന്റെ വാക്കുകൾ

"എനിക്ക് ജീവിക്കണം, മക്കളെ നോക്കണം. അന്ന് ഞാൻ കെഎസ്ആർടിസി ഡ്രൈവറായിരുന്നു, ഇന്ന് സ്വിഗ്ഗി ബോയ് ആണ്. നല്ല ഓർഡർ കിട്ടുന്നുണ്ട്, അതുകൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു. മേയർ ആര്യ രാജേന്ദ്രന്റെ വീടിന് അടുത്ത് വരെ ഓർഡർ കിട്ടി. ആ വീടിന്റെ അടുത്ത് ചെന്നപ്പോൾ കൂട്ടുകാർ പറഞ്ഞു, മേയർ കാണേണ്ട, അടുത്ത കേസ് വരുമെന്ന്."

മുൻമേയർക്കും എംഎൽഎയ്ക്കും ക്ലീൻ ചിറ്റ്

കേസിൽ ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും ഒഴിവാക്കിക്കൊണ്ടാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ആര്യയുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്. മേയറും എംഎൽഎയും യദുവിനെ അസഭ്യം പറഞ്ഞിട്ടില്ലെന്നും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഈ നടപടി യദുവിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു.

വിവാദത്തിന്റെ പശ്ചാത്തലം

2024 ഏപ്രിൽ 27-ന് രാത്രി 10 മണിയോടെ പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലായിരുന്നു വിവാദ സംഭവം. മേയറും എംഎൽഎയും സഞ്ചരിച്ച കാറിൽ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്ന് പറഞ്ഞ് പോലീസ് കേസെടുത്തതോടെയാണ് യദുവിന് ജോലി നഷ്ടമായത്. പോലീസ് കുറ്റപത്രത്തിലൂടെ മേയർക്കും എംഎൽഎയ്ക്കും ആശ്വാസം ലഭിക്കുമ്പോഴും, ഒരു സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിയതിനെ ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

Tags:    

Similar News