ലെറ്റ്സ് ഡിവോഴ്സ്..എന്ന ഭാര്യയുടെ മറുപടി കേട്ട് ഭർത്താവിന് ദേഷ്യം; പിന്നാലെ മുതുകിൽ ആഴത്തിൽ കുത്തി പരിക്കേൽപ്പിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കേസിൽ യുവാവ് പിടിയിൽ

Update: 2025-09-03 17:38 GMT

കൊച്ചി: വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെ ജോലിസ്ഥലത്തിനടുത്ത് വെച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചാലക്കുടി മേലൂർ സ്വദേശിനിയായ അശ്വതിക്കാണ് (26) എറണാകുളം പൊന്നുരുന്നിയിൽ വെച്ച് ഗുരുതരമായി പരിക്കേറ്റത്. മുതുകിൽ ആഴത്തിൽ കുത്തേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് ഗുരുവായൂർ സ്വദേശി അഭിജിത്തിനെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെ പൊന്നുരുന്നിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് സമീപത്താണ് ആക്രമണം നടന്നത്. പ്രണയ വിവാഹിതരായ ഇവർക്ക് ഒരു മകളുണ്ട്. ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അശ്വതി വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചത്. ഇതിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഭർത്താവിൽ നിന്ന് അകന്നു കഴിയുകയായിരുന്നു.

പൊന്നുരുന്നിയിലെ ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചതിനെ തുടർന്ന് സ്വന്തം വീട്ടിൽ മകളെ നിർത്തി, അശ്വതി അവിടെ താമസിച്ച് വരികയായിരുന്നു. വിവാഹ മോചനത്തിൽ നിന്ന് പിന്മാറണമെന്നും ഒരുമിച്ച് ജീവിക്കണമെന്നും ആവശ്യപ്പെട്ടാണ് അഭിജിത്ത് സ്ഥാപനത്തിനടുത്ത് കാത്തിരുന്നത്.

ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ അശ്വതിയെ തടഞ്ഞു നിർത്തി ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഇതിന് അശ്വതി വഴങ്ങാതെ വന്നതോടെ ദേഷ്യത്താൽ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അശ്വതിയെ കുത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    

Similar News