ഗവിയില്‍ രോഗിയുമായി പോയ കാര്‍ കാട്ടാനക്കൂട്ടം തകര്‍ത്തു; കാറിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെയുള്ള നാലുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
ഗവിയില്‍ രോഗിയുമായി പോയ കാര്‍ കാട്ടാനക്കൂട്ടം തകര്‍ത്തു
വണ്ടിപ്പെരിയാര്‍: ഗവിയില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്‍പില്‍പ്പെട്ടു. കാറിന്റെ മുന്‍ഭാഗത്തെ ചില്ലും ബോണറ്റും കാട്ടാനക്കൂട്ടം തകര്‍ത്തു. കാറിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെയുള്ള നാലുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കെ.എഫ്.ഡി.സി. ലയത്തില്‍ താമസിക്കുന്ന രാമറിനെ കാലിലെ മുറിവില്‍ വേദന കൂടി, അയല്‍വാസികളും ബന്ധുക്കളുംചേര്‍ന്ന് അടുത്തുള്ള ഡിസ്‌പെന്‍സറിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ റോഡിലേക്ക് മൂന്ന് കാട്ടാനകള്‍ ഇറങ്ങിവരികയായിരുന്നു. വഴിയരികില്‍ കാട് വളര്‍ന്നുനില്‍ക്കുന്നതിനാല്‍ ആന ഇറങ്ങിവന്നത് കണ്ടില്ല. പെട്ടെന്ന് വണ്ടിനിര്‍ത്തിയെങ്കിലും ഒരാന പാഞ്ഞുവന്ന് തുമ്പിക്കൈകൊണ്ട് കാറില്‍ അടിച്ചു. കാറിലുണ്ടായിരുന്നവര്‍ ഭയന്ന് നിലവിളിച്ചതോടെ ആനകള്‍ തിരികെ കാട്ടിലേക്കുതന്നെ കയറിപ്പോയി. തുടര്‍ന്നാണ് രാമറിനെ ആശുപത്രിയില്‍കൊണ്ടുപോയത്.
ഗവിയില്‍ വഴിയരികില്‍ കാടുവളര്‍ന്നുനില്‍ക്കുന്നത് വലിയ അപകടഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടില്‍നിന്ന് മൃഗങ്ങള്‍ റോഡിലേക്ക് ഇറങ്ങുന്നത് കാണാന്‍ കഴിയില്ല.