നിസാരമായ കാര്യത്തിന് അടി; നാല് ചുമരുകൾക്കിടയിൽ തുടങ്ങിയ തർക്കം ചെന്നെത്തിയത് വനിതാകമ്മീഷനിൽ; ഒടുവിൽ തെറ്റ് തിരുത്തി സന്തോഷത്തോടെ മടങ്ങി ദമ്പതിമാർ
By : സ്വന്തം ലേഖകൻ
Update: 2025-04-07 17:05 GMT
തിരുവനന്തപുരം: വീട്ടിൽ വഴക്ക് കൂടിയപ്പോൾ ഭർത്താവ് ഉപയോഗിച്ച തെറ്റായ ഒരു വാക്ക് വഴിവച്ചത് മാസങ്ങൾ നീണ്ട ദാമ്പത്യ വഴക്കിലേക്കും ഡിവോഴ്സിലേക്കുമടക്കം എത്തി. ഒടുവിൽ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനും ക്ഷമ പറയാനും ഭർത്താവ് തയ്യാറായതോടെ ദമ്പതികൾ ഒത്തൊരുമിച്ചു മടങ്ങി. കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്ത് വേദിയിലാണ് ദമ്പതികൾ വീണ്ടും ഒരുമിച്ചത്.
നിസാരമായ കാര്യത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. വനിതാ കമ്മീഷന് മുന്നിൽ പരാതിയെത്തിയപ്പോൾ ഇരുകൂട്ടരേയും വിളിച്ചുവരുത്തി കൗൺസലിംഗ് നൽകുകയായിരുന്നു. കൗൺസലിംഗിലൂടെ ഇത്തരത്തിലുള്ള രണ്ട് കേസുകളാണ് പരിഹരിക്കാൻ കഴിഞ്ഞതെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി വ്യക്തമാക്കി.