കുടുംബ വഴക്കിനെ തുടർന്ന് പോലീസ് വിളിപ്പിച്ചിട്ടും സ്റ്റേഷനിൽ എത്തിയില്ല; ഫോൺ സ്വിച്ച് ഓഫ്; പിന്നാലെ യുവാവും അമ്മയും തീവണ്ടി തട്ടി മരിച്ചനിലയിൽ; കേസെടുത്ത് പോലീസ്
കൊല്ലം: ഓച്ചിറയിൽ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മൈനാഗപ്പള്ളി വേങ്ങ സ്വദേശിനിയായ വസന്ത (68), അവരുടെ മകൻ ശ്യാം (48) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ഓച്ചിറ റെയിൽവേ സ്റ്റേഷന് സമീപം ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവം ആത്മഹത്യയാണെന്നും കുടുംബ പ്രശ്നങ്ങളാണ് മരണങ്ങൾക്ക് കാരണമെന്നും പോലീസ് സംശയിക്കുന്നു.
ശ്യാമും ഭാര്യ പ്രമീളയും തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് പ്രമീള ശാസ്താംകോട്ട പോലീസിൽ പരാതി നൽകിയിരുന്നു. പ്രശ്നപരിഹാരത്തിനായി ഇരുവരോടും ശനിയാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. പ്രമീള സ്റ്റേഷനിലെത്തിയെങ്കിലും ശ്യാം എത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓച്ചിറ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.