പുതുവൈപ്പിന് തീരത്ത് ബോട്ട് മുങ്ങി മരണം; 'സെന്റ് സേവ്യര്‍' ബോട്ട് അപകടത്തില്‍പ്പെട്ടത് പുലര്‍ച്ചെ
By : സ്വന്തം ലേഖകൻ
Update: 2026-03-07 05:50 GMT
കൊച്ചി: പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്. അമ്പലപ്പുഴ സ്വദേശി രഞ്ജന്‍ (65) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. എല്‍എന്‍ജി ജെട്ടിക്ക് സമീപം മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ 'സെന്റ് സേവ്യര്‍' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
അപകടസമയത്ത് ആറു പേരാണ് ബോട്ടിലുണ്ടായിരുന്നത്. രഞ്ജന്‍ ഒഴികെയുള്ള അഞ്ചുപേരെയും രക്ഷപ്പെടുത്തി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. കടല്ത്തിരകളില്പ്പെട്ട് ബോട്ടിന്റെ അടിപ്പലക തകര്‍ന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാഗികമായി മുങ്ങിയ ബോട്ട് നിലവില്‍ കടലില്‍ ഒഴുകി നടക്കുകയാണ്. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തീരദേശ പോലീസ് ആരംഭിച്ചിട്ടുണ്ട്.