ശക്തമായ മഴയിൽ വഴുക്കലുള്ള ഷീറ്റിൽ കയറ്റി നിർത്തി ജോലി ചെയ്യിപ്പിച്ചു; നില തെറ്റി വീണ് 21 കാരന് ദാരുണാന്ത്യം; സ്ഥാപനത്തിനെതിരെ പരാതിയുമായി വീട്ടുകാർ

Update: 2025-09-20 13:53 GMT

ചേർത്തല: ഫോംമാറ്റിങ്സ് ഇന്ത്യാ ലിമിറ്റഡ് സ്ഥാപനത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 21-കാരനായ സായന്ദിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഓഗസ്റ്റ് 5-ന് നടന്ന അപകടത്തിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും മതിയായ പരിശീലനമില്ലാതെയും മഴയത്ത് ഉയരത്തിൽ കയറ്റി ജോലി ചെയ്യിപ്പിച്ചതാണ് മരണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.

വളമംഗലം സ്വദേശികളായ മധു, പൊന്നൻ എന്നിവർക്കും ഫോംമാറ്റിങ്സ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർക്കുമെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മാതാപിതാക്കളുടെ അനുമതിയില്ലാതെയാണ് സായന്ദിനെ ജോലിക്കായി കൊണ്ടുപോയതെന്നും, പരിചയസമ്പന്നനല്ലാത്തതിനാൽ മഴയത്ത് വഴുക്കലുള്ള ആസ്ബറ്റോസ് ഷീറ്റിന്റെ മുകളിൽ ഒറ്റയ്ക്ക് കയറി ജോലി ചെയ്യേണ്ടി വന്നതാണ് അപകടത്തിനിടയാക്കിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അപകടം നടന്ന ദിവസം ജില്ലയിൽ യെല്ലോ അലർട്ട് നിലവിലുണ്ടായിരുന്നു.

ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കി ഐടിഐ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്ന സായന്ദിന് ഇത്തരം ഉയരങ്ങളിലുള്ള ജോലികളിൽ യാതൊരു പരിചയവുമില്ലായിരുന്നുവെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. 

Tags:    

Similar News