വാതില്‍ തട്ടി അര്‍ധരാത്രി തീവണ്ടിയില്‍നിന്നു തെറിച്ചു വീണു; ലൊക്കേഷന്‍ ബന്ധുക്കള്‍ക്ക് അയച്ച് നല്‍കി യുവാവ്: പുല്ലും വള്ളിപ്പടര്‍പ്പും നിറഞ്ഞ ഭാഗത്തേക്ക് തെറിച്ചു വീണതിനാല്‍ അത്ഭുത രക്ഷപ്പെടല്‍
തീവണ്ടിയില്‍നിന്നു തെറിച്ചു വീണു; ലൊക്കേഷന്‍ ബന്ധുക്കള്‍ക്ക് അയച്ച് നല്‍കി യുവാവ്:
കൊല്ലം: അര്‍ധരാത്രി തീവണ്ടിയില്‍നിന്നു തെറിച്ചു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുനെല്‍വേലി അയ്യാപുരം സ്വദേശി മധുസൂദനാ(19)ണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. പുനലൂര്‍-ചെങ്കോട്ട റെയില്‍പ്പാതയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മധുസൂദന്‍ ശൗചാലയത്തില്‍പോയി തിരികെ വരുന്നതിനിടെ തീവണ്ടിയുടെ കതകുതട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം. ഇവിടം വന്യമൃഗശല്യം രൂക്ഷമായ മേഖലയാണ്. വീണുകിടന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ യുവാവ് മൊബൈല്‍ ഫോണ്‍വഴി ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ ഉടന്‍ തന്നെ വിവരം റെയില്‍വേ സംരക്ഷണസേനയെ അറിയിച്ചു.
ഇതുപയോഗിച്ചു നടത്തിയ തിരച്ചിലില്‍ അരമണിക്കൂറിനുശേഷം യുവാവിനെ കണ്ടെത്തി. കാലിനു പരിക്കേറ്റ യുവാവിനെ ആനപെട്ടകോങ്കല്‍ ഭാഗത്തേക്ക് എത്തിക്കുകയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഓച്ചിറയില്‍നിന്ന് തിരുനെല്‍വേലിയിലേക്ക് ബന്ധുക്കള്‍ക്കൊപ്പം ഓണാവധിക്ക് പോകുകയായിരുന്നു മധുസൂദന്‍.
പുനലൂര്‍-ചെങ്കോട്ട റെയില്‍പ്പാതയില്‍ സ്ഥിരമായി അപകടം നടക്കുന്ന സ്ഥലത്താണ് മധുസൂദന്‍ വീണത്. തെറിച്ചുവീണഭാഗത്ത് പുല്ലും വള്ളിപ്പടര്‍പ്പും നിറഞ്ഞതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ആര്‍.പി.എഫ്. ഉദ്യോഗസ്ഥനായ ജയകുമാര്‍, പ്രിയേഷ് ബാബു, ബോഡ ശിവജി എന്നിവരാണ് തിരച്ചിലിനു നേതൃത്വം നല്‍കിയത്.