പയ്യന്നൂരില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

പയ്യന്നൂരില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

Update: 2024-10-16 02:21 GMT

പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ കര്‍ണാടക സ്വദേശിയായ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ അവിനാഷാണ് (22) അറസ്റ്റിലായത്. ഈ മാസം എട്ടിന് പുലര്‍ച്ചെ മൂന്നോടെ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു. കേസെടുത്ത പോലീസ് ഒരു യുവാവ് തള്ളിക്കൊണ്ടു പോകുന്ന സ്‌കൂട്ടറിന് പിന്നാലെ നടന്നുപോകുന്ന പെണ്‍കുട്ടിയുടെ സി.സി.ടി.വി. ദൃശ്യം കണ്ടെത്തി.

അന്വേഷണത്തില്‍ യുവാവിനെയും പെണ്‍കുട്ടിയെയും ബെംഗളൂരുവിലെ യുവാവിന്റെ സഹോദരന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി പയ്യന്നൂരിലെത്തിച്ചു. തിങ്കളാഴ്ച വൈകീട്ട് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനുള്ള ശ്രമം പെണ്‍കുട്ടിയുടെ നിസ്സഹകരണത്തോടെ വിഫലമായി. പിന്നീട് പോലീസ് പെണ്‍കുട്ടിയില്‍നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടി മജിസ്‌ട്രേട്ടിന് മുന്നിലും മൊഴികൊടുത്തു. ഇതോടെയാണ് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ യുവാവ് പോക്‌സോകേസിലും പ്രതിയായത്.

Tags:    

Similar News