ബൈക്കിന്റെ ഹെഡ്‌ലൈറ്റില്‍ ഒളിപ്പിച്ച് ലഹരിക്കടത്ത്; 49.78 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍: പിടികൂടിയത് വിപണിയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന മയക്കു മരുന്ന്

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

Update: 2025-01-20 02:18 GMT

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയില്‍ 49.78 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ഇരുചക്രവാഹനത്തില്‍ ലഹരിക്കടത്ത് നടത്തുകയായിരുന്ന യുവാവിനെ പോലിസ് പിടികൂടുക ആയിരുന്നു. കോഴിക്കോട് ബേപ്പൂര്‍ അയനിക്കല്‍ ശ്രീസരോജം വീട്ടില്‍ ആദിത്യന്‍(26) ആണ് 49.78 ഗ്രാം എം.ഡി.എം.എയുമായി ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് വിരിച്ച 'വല'യില്‍ കുടുങ്ങിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാവ് കുടുങ്ങിയത്. ഇയാള്‍ സഞ്ചരിച്ച കെഎല്‍ 21 യു 7003 എന്ന രജിസ്ട്രേഷനിലുള്ള മോട്ടോര്‍ സൈക്കിളിന്റെ ഹെഡ് ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കടത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷത്തോളം വില വരുമെന്ന് പൊലീസ് അറിയിച്ചു.

പ്രതി ഗുണ്ടല്‍പേട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വാഹനമോടിച്ചു വരികയായിരുന്നു. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ. സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Similar News