പോലീസ് വാഹനം കണ്ടതോടെ പരുങ്ങൽ; സംശയം തോന്നി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; സംഭവം മലപ്പുറത്ത്

Update: 2025-09-18 09:14 GMT

മലപ്പുറം: പേരശ്ശന്നൂരിൽ എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. വിൽപ്പനക്കായി സൂക്ഷിച്ച 1.260 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. പേരശ്ശന്നൂർ സ്വദേശി ഷഹബാസ് ഷഹബാസാണ് അറസ്റ്റിലായത്. കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഗിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പേരശ്ശന്നൂർ പോസ്റ്റ് ഓഫീസ് ഹിൽടോപ്പ് റോഡിലൂടെ പട്രോളിങ് നടത്തുന്നതിനിടെ റോഡരികിലെ കുറ്റിക്കാടിന് സമീപം സംശയകരമായ രീതിയിൽ നിന്നിരുന്ന ഷഹബാസിനെ പോലീസ് സംഘം ശ്രദ്ധിച്ചു. കൈ ചുരുട്ടിപ്പിടിച്ച നിലയിലായിരുന്നു ഇയാൾ. പോലീസ് വാഹനം കണ്ടതോടെ ഇയാൾ സ്ഥലത്തുനിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കൂടുതൽ ചോദ്യം ചെയ്തതിനെത്തുടർന്ന് ഷഹബാസ് ചുരുട്ടിപ്പിടിച്ച കൈ തുറന്നപ്പോൾ എംഡിഎംഎ സൂക്ഷിച്ച ചെറിയ പാക്കറ്റ് കണ്ടെത്തുകയായിരുന്നു. വിൽപ്പനക്കായിട്ടാണ് എംഡിഎംഎ കൈവശം വെച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

Tags:    

Similar News