മദ്യലഹരിയിൽ വാക്കുതർക്കം; സുഹൃത്തിനെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: മദ്യലഹരിയിൽ യുവാക്കൾ സുഹൃത്തിനെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത് വാക്കു തർക്കത്തെ തുടർന്ന്. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. തുറവൂർ കിണറ്റുകര സ്വദേശി യശ്വന്ത് (26) ഇയാളുടെ സുഹൃത്ത് ഗോപകുമാർ (21) എന്നിവരെയാണ് കുത്തിയോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഗോപകുമാറിന്റെ വീട്ടിൽ വെച്ച് മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ഇരുവരും ചേർന്ന് അവരുടെ സുഹൃത്തായ അമൻ (21) നെ വടിവാൾ കൊണ്ട് വെട്ടിയും കമ്പി വടി കൊണ്ട് അടിച്ചും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവമറിഞ്ഞെത്തിയ പോലീസ്, ആശുപത്രിയിലെത്തി അമന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വളമംഗലം ഭാഗത്തു നിന്നാണ് പ്രതികളായ യശ്വന്തിനെയും ഗോപകുമാറിനെയും പോലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.