രഹസ്യ വിവരത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ പരിശോധന; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടി പോലീസ്; ബാംഗ്ലൂരിൽ നിന്ന് ലഹരിമരുന്ന് എത്തിച്ചത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്

Update: 2025-08-25 14:25 GMT

തിരുവനന്തപുരം: സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്താനായി ബാംഗ്ലൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 14 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ കഴക്കൂട്ടത്ത് പിടിയിൽ. വാഴിച്ചൽ സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

ട്രെയിൻ മാർഗം ലഹരിമരുന്ന് എത്തുന്നതറിഞ്ഞ് പോലീസ് സംഘം റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നിരുന്നു. എന്നാൽ, പോലീസിനെ കണ്ട പ്രതികൾ അവിടെനിന്ന് രക്ഷപ്പെട്ടു. ഇവരെ പിന്തുടർന്ന പോലീസ് മേലെ ചന്തവിളയിൽ വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു.

പ്രതികളെ വിശദമായി പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വിദ്യാർത്ഥികൾക്കിടയിൽ ചില്ലറ വിൽപ്പനയ്ക്കായിട്ടാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു.

Tags:    

Similar News