പ്രണയം നിരസിച്ചതിൽ വൈരാഗ്യം; 17 കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ യുവാക്കൾ പിടിയിൽ
പാലക്കാട്: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് 17കാരിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുത്തന്നൂർ സ്വദേശികളായ അഖിൽ, ഇയാളുടെ സുഹൃത്ത് രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ബോംബ് കത്താത്തതിനാൽ വൻ ദുരന്തം ഒഴിവായി.
അഖിലിന്റെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് കുഴൽമന്ദം പോലീസ് അറിയിച്ചു. യൂട്യൂബിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ പെട്രോൾ ബോംബ് നിർമ്മിച്ചത്. സംഭവസമയത്ത് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായ ഒരാൾ കഞ്ചാവ് കേസിലടക്കം പ്രതിയാണ്. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.