തൊണ്ടയിൽ ചൂയിംഗം കുടുങ്ങി; സഹായം തേടി എത്തിയത് റോഡരികിൽ സംസാരിച്ച് നിൽക്കുകയായിരുന്ന യുവാക്കളുടെ അടുത്തേക്ക്; കണ്ണൂരിൽ എട്ട് വയസുകാരിക്ക് രക്ഷകരായി യുവാക്കൾ
കണ്ണൂർ: ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ എട്ട് വയസുകാരിക്ക് രക്ഷയായത് യുവാക്കളുടെ സമയോചിത ഇടപെടൽ. പഴയങ്ങാടി പള്ളിക്കരയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ശ്വാസം നിലച്ച പെൺകുട്ടിക്ക് യുവാക്കൾ നൽകിയ പ്രഥമ ശുശ്രൂഷയാണ് ജീവൻ രക്ഷിച്ചത്. വീഡിയോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിയിരിക്കുന്നത്.
പഴയങ്ങാടി പള്ളിക്കരയിൽ റോഡരികിൽ പച്ചക്കറി കടയിൽനിന്ന് സാധനങ്ങൾ വാങ്ങി നിന്നിരുന്ന യുവാക്കൾക്ക് സമീപത്തേക്കാണ് പെൺകുട്ടി സൈക്കിളിൽ സഹായം തേടി എത്തിയത്. വിഡിയോ ദൃശ്യങ്ങളിൽ, കയ്യിലുണ്ടായിരുന്ന ചൂയിംഗം വായിലിട്ട പെൺകുട്ടിക്ക് അൽപസമയത്തിനകം ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന്, റോഡിന്റെ മറുവശത്തുനിന്ന് സൈക്കിളിൽ ഇവരുടെ അടുത്തേക്ക് എത്തുകയായിരുന്നു.
കാര്യം മനസ്സിലാക്കിയ യുവാക്കളിലൊരാൾ ഉടൻതന്നെ പെൺകുട്ടിക്ക് അടിയന്തര പ്രഥമ ശുശ്രൂഷ നൽകി. ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ തിരികെ എത്തിക്കാൻ യുവതിയുടെ കഴുത്തിൽ പിടിച്ചു ശ്വാസം പുറത്തേക്ക് തള്ളാനുള്ള രീതിയിൽ അമർത്തുകയായിരുന്നു. സംഭവം കണ്ടുനിന്നവരും യുവാക്കളുടെ പ്രവൃത്തിക്ക് പിന്തുണ നൽകി. തൻ്റെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് സഹായം തേടിയ കുട്ടിയുടെ മനസാന്നിധ്യത്തെയും പ്രശംസിക്കുന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്.