വനം ഭേദഗതി നിയമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത് യു ഡി.എഫ് പ്രക്ഷോഭം ഭയന്ന്; പി വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചതു കൊണ്ടാണ് പിന്മാറ്റം എന്നത് അന്‍വറിന്റെ മാത്രം അഭിപ്രായമെന്ന് എം എം ഹസന്‍
വനം ഭേദഗതി നിയമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത് യു ഡി.എഫ് പ്രക്ഷോഭം ഭയന്ന്
കണ്ണൂര്‍ : നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി അന്‍വറിനെ യു.ഡി.എഫിലെടുക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി എഫില്‍ കോണ്‍ഗ്രസ് മാത്രമല്ല മറ്റു പാര്‍ട്ടികളുമുണ്ട്.
ഈ കാര്യത്തില്‍ അവരോട് അഭിപ്രായം ചോദിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ല അന്‍വര്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി എഫിന് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അന്‍വര്‍ മാത്രമല്ല ആരു പിന്തുണച്ചാലും സ്വീകരിക്കുമെന്ന് ഹസന്‍ പറഞ്ഞു. യു.ഡി.എഫില്‍ ചേരുന്നതിന് അന്‍വര്‍ നേരത്തെ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഞങ്ങളുടെ എല്ലാ നേതാക്കളും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഈ കാര്യത്തില്‍ അന്‍വര്‍ എന്തു പറയുന്നുവെന്ന് അദ്ദേഹത്തോട് തന്നെയാണ് ചോദിക്കേണ്ടത്. അതില്‍ യു.ഡി.എഫ് കണ്‍വീനറെന്നെ നിലയില്‍ തനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല.
അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചതു കൊണ്ടാണ് സര്‍ക്കാര്‍ വനം ഭേദഗതി നിയമം പിന്‍വലിച്ചതെന്ന് അന്‍വറിന്റെ മാത്രം അഭിപ്രായമാണ്. വനംഭേദഗതി നിയമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത് യു.ഡി.എഫ് പ്രക്ഷോഭം ഭയന്നാണെന്ന് ഹസന്‍ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് വനംഭേദഗതി നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല.
വകുപ്പ് തലങ്ങളില്‍ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടുണ്ടെങ്കിലും അങ്ങനെയൊരു തീരുമാനം സര്‍ക്കാരിന്റെ മുന്‍പിലെത്തിയിട്ടില്ല മന്ത്രിസഭയുടെ പരിഗണനയില്‍ വന്നാലെ ഈ കാര്യത്തെ കുറിച്ച് രാഷ്ട്രീയ നേതൃത്വം അറിയുകയുള്ളു. എന്നാല്‍ ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പൊലിസിന്റെ അധികാരം നല്‍കുന്നതിനെ കുറിച്ച് ലോ ഡിപ്പാര്‍ട്ട്‌മെന്റടക്കം തീരുമാനിച്ചതിന് ശേഷമാണ് വാര്‍ത്ത പുറത്തുവന്നത്. വനംഭേദഗതി നിയമം പാസാക്കാന്‍ പിണറായി സര്‍ക്കാരെടുത്ത തീരുമാനമാണ് പിന്‍വലിച്ചതെന്നും ഹസന്‍ പറഞ്ഞു. വനംഭേദഗതി നിയമത്തില്‍ മലയോര പ്രചാരണ യാത്രയുമായി യു.ഡി.എഫ് മുന്‍പോട്ടു പോകുമെന്നും ഹസന്‍ പറഞ്ഞു.