ഇപ്പൊ...പച്ചക്കറി കട നടത്തിയാണ് ജീവിക്കുന്നത്; അവിടെ തന്നെ ഒരു ഭാഗത്ത് ഭാര്യക്കൊപ്പം കഴിയുന്നു; ഒന്ന് മിണ്ടാൻ പോലും ആരും വരില്ല; പിന്നെ ഏക ആശ്രയം ജമാഅത്ത് ആണ്..!! കേരളം ഏറെ നടുക്കത്തോടെ ഓർക്കുന്ന കൂട്ടക്കൊല; ആ വികൃതമായ ശരീരങ്ങൾ മനുഷ്യമനസ്സുകളിൽ ഇന്നും വേദനയിൽ തളംകെട്ടി നിൽക്കുന്നു; വില്ലൻ മകനെ ന്യായികരിച്ചതിൽ അബ്ദുള്‍ റഹീമിന് പശ്ചാത്താപമോ?

Update: 2026-02-05 11:57 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് കടുത്ത കുറ്റബോധമുണ്ടെന്നും, അസഹനീയമായ കടബാധ്യതയാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നുമുള്ള നിർണായക വെളിപ്പെടുത്തലുമായി പിതാവ് അബ്ദുൾ റഹീം. സംഭവം നടന്നതിന് ശേഷം താനും ഭാര്യയും ബന്ധുക്കളാൽ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണെന്നും, മിണ്ടാൻ പോലും ആരും വരാറില്ലെന്നും അബ്ദുൾ റഹീം പറഞ്ഞു.

അഫാനും ഭാര്യയും ചേർന്ന് 50 ലക്ഷം രൂപയുടെ കടബാധ്യതയാണ് വരുത്തിവെച്ചതെന്നും, ഈ പണം എന്തിനാണ് വാങ്ങിയതെന്ന് ഇന്നും തങ്ങളോട് പറഞ്ഞിട്ടില്ലെന്നും റഹീം വ്യക്തമാക്കി. കൊലപാതകങ്ങൾ നടന്ന ദിവസം 2 ലക്ഷം രൂപ കടക്കാർക്ക് നൽകേണ്ട സാഹചര്യമായിരുന്നു അഫാനും ഭാര്യക്കും. അന്ന് പല ബന്ധുക്കളെയും സമീപിച്ചെങ്കിലും അവർ സഹായിക്കാൻ തയ്യാറായില്ല. ഇത് കൂട്ടക്കൊലയിലേക്ക് നയിച്ച ഒരു പ്രധാന കാരണമാണെന്ന് അഫാൻ പിന്നീട് വെളിപ്പെടുത്തിയതായും റഹീം പറഞ്ഞു. അടുത്ത ബന്ധുക്കൾ ഉൾപ്പെടെ പലരും അഫാന് വൻ പലിശയ്ക്ക് പണം നൽകിയിരുന്നു. പലിശക്കാർ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കടയ്ക്കൽ ചിതറയിൽ ഒരു പച്ചക്കറി കട നടത്തിയാണ് അബ്ദുൾ റഹീമും ഭാര്യയും ഇപ്പോൾ ജീവിതം മുന്നോട്ട് പോകുന്നത്. കടയുടെ ഒരു ഭാഗത്ത് ഭാര്യക്കൊപ്പം കഴിയുകയാണ് ഇദ്ദേഹം. കഷ്ടപ്പെട്ട് പണിത വെഞ്ഞാറമൂടിലെ വീടിന്റെ ബാധ്യതകൾ ഇതുവരെ തീർന്നിട്ടില്ല. വല്ലപ്പോഴും അവിടെ പോയി ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്നും, നാട്ടുകാരും ജമാഅത്തുമാണ് ഇപ്പോൾ തങ്ങൾക്ക് ഏക ആശ്രയമെന്നും അബ്ദുൾ റഹീം പറഞ്ഞു.

അഫാൻ ജയിലിൽ പൂർണ്ണമായും തകർന്ന നിലയിലാണെന്ന് പിതാവ് അറിയിച്ചു. സഹോദരൻ അഫ്സാൻ, സുഹൃത്ത് ഫർസാന, വല്ലുമ്മ സൽമ എന്നിവരെ ഓർത്ത് അഫാൻ നിരന്തരം കരയാറുണ്ട്. മാനസികമായി ഒറ്റപ്പെട്ട നിലയിലായിരുന്ന അഫാനെ കാണണമെന്ന് ഡോക്ടർമാരാണ് ആദ്യം നിർദ്ദേശിച്ചത്. പിന്നീട് ജയിൽ അധികൃതരുടെ നിർദ്ദേശപ്രകാരം പല തവണ ജയിലിൽ പോയി കണ്ടിട്ടുണ്ടെന്നും അബ്ദുൾ റഹീം വ്യക്തമാക്കി.

അഫ്സാനയുടെ കുടുംബത്തെ നേരിൽ കണ്ട് മാപ്പ് പറയാൻ താൻ ആഗ്രഹിക്കുന്നുവെങ്കിലും, അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അത് തടഞ്ഞതായും അദ്ദേഹം പറഞ്ഞു. സിനിമയ്ക്കെതിരെ കേസ് കൊടുത്തത് മകനെ സംരക്ഷിക്കാനാണെന്ന് സമൂഹ മാധ്യമങ്ങളിൽ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, അത് കേസിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണെന്നും, അല്ലാതെ മകനെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നില്ലെന്നും അബ്ദുൾ റഹീം വിശദീകരിച്ചു. താൻ മാപ്പ് നൽകിയാലും നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലല്ലോ എന്നും അദ്ദേഹം വേദനയോടെ ചോദിച്ചു.

"ഞാൻ മാപ്പ് നൽകിയാലും നഷ്ടപ്പെട്ടവർ ആരും തിരിച്ചുവരില്ലല്ലോ" എന്ന അബ്ദുൾ റഹീമിന്റെ ചോദ്യം ഒരു കുടുംബത്തിന്റെ തകർച്ചയുടെയും വേദനയുടെയും ആഴം വ്യക്തമാക്കുന്നു. കടബാധ്യതയും പലിശക്കാരുടെ ഭീഷണിയും എങ്ങനെ ഒരു മനുഷ്യനെ ക്രൂരമായ കൊലപാതകിയാക്കി മാറ്റുന്നു എന്നതിന്റെ നേർസാക്ഷ്യം കൂടിയാവുകയാണ് ഈ വെളിപ്പെടുത്തലുകൾ.

ഈ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമയ്‌ക്കെതിരെ അബ്ദുൾ റഹീം കോടതിയെ സമീപിച്ചിരുന്നു. മകനെ സംരക്ഷിക്കാനല്ല, മറിച്ച് സിനിമ പുറത്തിറങ്ങുന്നത് കേസിലെ നിയമനടപടികളെ ബാധിക്കുമെന്നതിനാലാണ് താൻ കേസ് കൊടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് മാപ്പ് ചോദിക്കാൻ ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം വേദനയോടെ കൂട്ടിച്ചേർത്തു.

Tags:    

Similar News