തടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും പ്രതികള്‍ക്ക് ഹാജരാക്കാനായില്ല; ഈട്ടിത്തടികള്‍ കണ്ടു കെട്ടിയ നടപടി നിയമപരം; ഡിഎഫ്ഒയുടെ നടപടി ശരിവെച്ചു; മുട്ടില്‍ ഈട്ടിക്കൊള്ളയില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ തള്ളലുകള്‍ പൊളിയുന്നു; നിര്‍ണ്ണായക വിധിയുടെ വിശദാംശങ്ങള്‍

Update: 2026-02-05 11:08 GMT

കല്പറ്റ: മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളുടെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഉന്നയിച്ച വാദങ്ങളൊന്നും കോടതിയില്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഈട്ടിത്തടികള്‍ കണ്ടു കെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമാണെന്നും ഉത്തരവില്‍ പറയുന്നു. അന്വേഷണത്തിലും നടപടികളിലും വനംവകുപ്പിന്റെ നിലപാടുകള്‍ കോടതി ശരിവെച്ചു. പിടിച്ചെടുത്ത തടികള്‍ സര്‍ക്കാരിന്റേതല്ല എന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ലെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു. തടികള്‍ കണ്ടു കെട്ടിയതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ വയനാട് അഡീഷനല്‍ ജില്ലാ കോടതി തള്ളിയിരുന്നു.

പിടിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ വനവിഭവമാണോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് നിയമപരമായ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വനവിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കോടതി എടുത്തുപറഞ്ഞു. തടികള്‍ സര്‍ക്കാറിന്റേതല്ലെന്ന് തെളിയിക്കാനായി ഒന്നും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ല. തടിക്കച്ചവടത്തിന് ലൈസന്‍സ് ഉണ്ടെന്ന വാദവും പ്രതികള്‍ക്ക് തെളിയിക്കാനായില്ല. നിലവിലുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും കൊണ്ട് മറികടക്കാനാവില്ലെന്നും പറഞ്ഞ കോടതി, വന സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു കൊണ്ടാണ് അപ്പീല്‍ തള്ളിയത്. 27 ഓളം കേസുകളിലാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ അപ്പീല്‍ നല്‍കിയിരുന്നത്. തടികളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന്റേതല്ല, തങ്ങളുടെത് ആണെന്നായിരുന്നു പ്രതികളുടെ അവകാശ വാദം. ഇതാണ് കോടതി തള്ളിയത്. വനം വകുപ്പ് എടുത്ത കേസിന് പുറമേ മുട്ടില്‍ മരംമുറി കേസില്‍ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.

കേസിലെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണം നിലവിലുള്ള നിയമങ്ങളെ സംബന്ധിച്ചുള്ളതാണ്. നാട്ടിലെ നിയമങ്ങളെ സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ടോ സര്‍ക്കുലറുകള്‍ കൊണ്ടോ മറികടക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിലെ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ജയതിലക് ഇറക്കിയ വിവാദ സര്‍ക്കുലര്‍ ഉപയോഗിച്ചാണ് പ്രതികള്‍ മരംമുറി നടത്തിയത്. എന്നാല്‍ ഇത്തരം സര്‍ക്കുലറുകള്‍ക്ക് നിയമപരമായ സാധുതയേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

'സൂര്യ ടിമ്പേഴ്സ്' എന്ന പേരില്‍ തടിക്കച്ചവടം നടത്താന്‍ തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നായിരുന്നു പ്രതികളുടെ മറ്റൊരു വാദം. എന്നാല്‍, ഇതിനാവശ്യമായ വനംവകുപ്പിന്റെ പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്ട്രേഷനോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ ഡി.എഫ്.ഒയുടെ നടപടി നിയമപരവും മുന്‍കാല കോടതി വിധിന്യായങ്ങള്‍ക്ക് അനുസൃതവുമാണെന്ന് കോടതി വിധിച്ചു.

തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഡി.എഫ്.ഒ നോട്ടീസ് നല്‍കിയിട്ടില്ലെന്ന പ്രതികളുടെ വാദവും കോടതി തള്ളിക്കളഞ്ഞു. ഹിയറിങ്ങിനായി പലതവണ നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹാജരാവുകയോ മറുപടി നല്‍കുകയോ ചെയ്തില്ലെന്ന് കോടതി നിരീക്ഷിച്ചു.

തടികള്‍ കണ്ടു കെട്ടിയതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ വയനാട് അഡീഷനല്‍ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളുടെ വാദങ്ങളൊന്നും നില നില്‍ക്കില്ലെന്ന് ഉത്തരവില്‍ കോടതി പറയുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടില്‍ ഈട്ടിക്കൊള്ളക്കേസിലെ നിര്‍ണ്ണായക വിധിയാണ് വയനാട് ജില്ലാ കോടതിയുടേത്. 10കോടിയിലധികം രൂപ വിലമതിക്കുന്ന 120 ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടിക്കെതിരെ പ്രതികളായ ആന്റോ അഗസ്റ്റില്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വനംവകുപ്പിന്റെ നടപടി കോടതി ശരിവച്ചത്. ജില്ലാ ജഡ്ജി വി മൃദുലയുടേതാണ് ഉത്തരവ്.

ഉപാധികളോടെ പട്ടയംലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ 2020 ഒക്ടോബറിലാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. 1960ന് ശേഷം നട്ടുവളര്‍ത്തിയതും സ്വയംകിളിര്‍ത്തതുമായ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാനായിരുന്നു വിവാദ ഉത്തരവിറങ്ങിയത്. ഉത്തരവിന്റെ മറവില്‍ വ്യാപകമായി ഈട്ടിക്കൊള്ള നടന്നതോടെ 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഇതിനകം 100 മുതല്‍ 250 വര്‍ഷം പഴക്കമുള്ള ഈട്ടി മരങ്ങള്‍ക്ക് മേല്‍ കോടാലി പതിച്ചു. വനംവകുപ്പ് 41 കേസുകള്‍ ചുമത്തിയിരുന്നു. വനം, പൊലീസ്, റവന്യൂ വകുപ്പുകള്‍ 120 ലധികം കേസുകളെടുത്തു. പലകേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടി തുടരുന്നുമുണ്ട്. ജില്ല ഗവ പ്ലീഡര്‍ അഡ്വ ജയപ്രമോദാണ് കേസില്‍ ഹാജരായത്.

Similar News