വ്യാജ രേഖയുണ്ടാക്കി ഒ.പി ടിക്കറ്റ്, ലാബ് ഫീസുകള്‍ സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിച്ചു; ഒരുവര്‍ഷത്തോളം ഗൂഗിള്‍ പേ വഴി പണം അടിച്ചുമാറ്റി; പയ്യനാട് ആരോപണ വിധേയനായ ക്ലര്‍ക്കിനെ സസ്പെന്‍ഡ് ചെയ്തു
വ്യാജ രേഖ ചമച്ച് പണം തട്ടിയ ആശുപത്രി ക്ലാര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തു
മലപ്പുറം: വ്യാജ രേഖ ചമച്ച് പണം തട്ടാന്‍ ശ്രമിച്ച പയ്യനാട് ഹോമിയോ ആശുപത്രിയിലെ ക്ലര്‍ക്കിനെ സസ്പെന്‍ഡ് ചെയ്തു. വിരമിച്ച സൂപ്രണ്ടിന്റെ പേരില്‍ ഇയാള്‍ വ്യാജ രേഖയുണ്ടാക്കുകയായിരുന്നു. ഒ പി ടിക്കറ്റിനും ലാബിലെ വിവിധ പരിശോധനകള്‍ക്കുള്ള ഫീ ആയും രോഗികള്‍ നല്‍കുന്ന പണം ഓഫീസിലെ ക്ലര്‍ക്ക് സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഗൂഗിള്‍ പേ വഴിയാണ് പണം അക്കൗണ്ടിലേക്ക് മാറ്റിയത്. ആരോപണ വിധേയനായ ക്ലര്‍ക്ക് സനൂജ് റിന്‍ഫാനെയാണ് സസ്പെന്റ് ചെയ്തത്. തിരുവനന്തപുരം ഹോമിയോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് ഉത്തരവിറക്കിയത്.
ഒരു വര്‍ഷത്തോളം ഇത്തരത്തില്‍ ജീവനക്കാരന്റെ സ്വകാര്യ ബാങ്ക് എക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇക്കാര്യം സഹജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ മുന്‍ സൂപ്രണ്ടിന്റെ ഉത്തരവുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ ഉത്തരവിന്റെ കോപ്പി കാണിക്കാന്‍ ക്ലര്‍ക്ക് തയ്യാറായില്ല. വിഷയം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയിലെത്തിയതോടെ ഉത്തരവിന്റെ കോപ്പി ഹാജരാക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറാനായില്ല.
തുടര്‍ന്ന് 2021 ഡിസംബര്‍ 22 ലേതെന്ന് കാണിച്ച് ഹാജരാക്കിയ രേഖ മുന്‍സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് പൊതു പ്രവര്‍ത്തകനായ മുഹമ്മദ് ഫായിസ് നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍ മുന്‍ സൂപ്രണ്ട് ഡോ. വി അനില്‍കുമാര്‍ ആരോഗ്യ മന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും ഹോമിയോപതി ഡയറക്ടറേറ്റിനും പരാതി നല്‍കിയിരുന്നു.
പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്ലര്‍ക്കിന്റെ സസ്പെന്‍ഷന് ഡിഎംഒ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നും മതിയായ രേഖകളുടെ അഭാവമുണ്ടെന്നും കാണിച്ച് കൂടുതല്‍ തെളിവെടുപ്പിനായി മറ്റൊരു സംഘത്തെ നിയോഗിക്കുകയായിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്യാമള കുമാരിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ആശുപത്രിയിലെത്തി ജീവനക്കാരടക്കമുള്ളവരില്‍ നിന്നും മൊഴിയെടുത്തിരുന്നു. ആരോപണ വിധേയനായ ജീവനക്കാരനെ ജോലിയില്‍ തുടരാനനുവദിച്ചു കൊണ്ടുള്ള അന്വേഷണത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍ ഉത്തരവെത്തിയത്.
സംഭവത്തില്‍ മുന്‍ സൂപ്രണ്ട് ഡോ. വി അനില്‍കുമാറില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നതായി അദ്ദേഹം മൊഴി നല്‍കി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കീഴുദ്യോഗസ്ഥര്‍ മാത്രമുള്ള ഒരു സംഘം ഈ കേസ് അന്വേഷിക്കുന്നത് നീതിയുക്തമാവില്ലെന്നും അന്വേഷണ സംഘത്തില്‍ ജില്ലക്ക് പുറത്തുള്ള സീനിയറായ ഒരു ജില്ലാ മെഡിക്കല്‍ ഓഫീസറെ കൂടി ഉള്‍പ്പെടുത്തണമെന്നും അന്വേഷണത്തിന്റെ മേല്‍നോട്ടം ഹോമിയോപ്പതി ഡയറക്ടര്‍ ഏറ്റെടുക്കണമെന്നും ഡോ. വി അനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു.