വെടിമരുന്ന്, ഇരുമ്പ് കമ്പി, ലോഹക്കഷണങ്ങള്‍; തോക്ക് നിര്‍മാണ സാമഗ്രികള്‍ വനംവകുപ്പ് കണ്ടെടുത്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തോക്ക് നിര്‍മാണ സാമഗ്രികള്‍ വനംവകുപ്പ് കണ്ടെടുത്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2024-12-20 14:51 GMT

തണ്ണിത്തോട്: നിയമപരമായ ലൈസന്‍സോ അനുമതിപത്രമോ ഇല്ലാത്ത നാടന്‍ തോക്കുനിര്‍മാണ സാമഗ്രികളുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് ഗുരുനാഥന്‍ മണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ചുമതല വഹിക്കുന്ന ജെഫി ജോര്‍ജിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്. മനീഷ് ഭവനില്‍ മോഹനന്‍ (56) ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ 16 ന് വൈകിട്ടാണ് ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട തൂമ്പാക്കുളം ഭാഗത്ത് റബര്‍ തോട്ടത്തിലെ ആളൊഴിഞ്ഞ ഷെഡിനോട് ചേര്‍ന്നുള്ള ആലയില്‍ നാടന്‍ തോക്കുനിര്‍മാണ സാമഗ്രികള്‍ കണ്ടെത്തിയത്.

തടിയില്‍ തീര്‍ത്ത ബട്ടണുകള്‍, ഇരുമ്പില്‍ നിര്‍മ്മിച്ച ലോഹക്കുഴലുകള്‍, തിര നിറക്കുന്നതിനുള്ള ഇരുമ്പ് കമ്പി, തോക്ക് നിര്‍മ്മിക്കുന്നതിനുള്ള ഇരുമ്പ് കമ്പികള്‍, കുറ്റിയില്‍ നിറച്ച വെടിമരുന്ന്, ലോഹകഷണങ്ങള്‍, ഈയഉണ്ടകള്‍ എന്നിവയാണ് അനധികൃതമായി സൂക്ഷിച്ചു വച്ചിരുന്നത്. ജെഫി ജോര്‍ജിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ഇത്തരം സാമഗ്രികളുമായി തണ്ണിത്തോട് പോലീസ് സ്റ്റേഷനില്‍ എത്തി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ശാസ്ത്രീയ അന്വേഷണ സംഘവും, പോലീസ് ഫോട്ടോഗ്രാഫറും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. വെടിമരുന്ന് നിര്‍വീര്യമാക്കുന്നതിന് കോടതിക്ക് അപേക്ഷ നല്‍കി തുടര്‍ന്ന്, പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡ് ഇവ നിര്‍വീര്യമാക്കിയിരുന്നു. പോലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍.ശിവകുമാറാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ വി കെ വിജയരാഘവന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി, പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ വ്യാപകമാക്കി. പ്രതി, ഭാര്യവീടായ കുഞ്ഞനാംകുഴിയില്‍ എത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച സന്ധ്യയോടെ പിടികൂടി. വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഇയാളെ സംശയകരമായ നിലയില്‍ പതുങ്ങി നില്‍ക്കുന്നതുകണ്ടു ചോദ്യം ചെയ്ത് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

നാടന്‍ തോക്ക് നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ അനധികൃതമായി സൂക്ഷിച്ചുവച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇയാള്‍ മുമ്പും തണ്ണിത്തോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരത്തിലുള്ള മൂന്ന് കേസുകളില്‍ പ്രതിയായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News