പാറമേക്കാവിന്റെ പ്രതിനിധി പരീക്ഷ പാസായി; വേല വെടിക്കെട്ടിന് എ ഡി എമ്മിന്റെ അനുമതി; 100 കിലോ വെടിമരുന്ന് വരെ ഉപയോഗിക്കാം; 100 മീറ്ററില്‍ ബാരിക്കേഡ് കെട്ടി ആളുകളെ തടയണമെന്നത് അടക്കം കര്‍ശന മാനദണ്ഡങ്ങള്‍

പാറമേക്കാവ് വേല വെടിക്കെട്ടിന് തൃശ്ശൂര്‍ എ.ഡി.എമ്മിന്റെ അനുമതി

Update: 2025-01-02 16:38 GMT

തൃശ്ശൂര്‍: പാറമേക്കാവ് വേല വെടിക്കെട്ടിന് തൃശ്ശൂര്‍ എ.ഡി.എമ്മിന്റെ അനുമതിയതോടെ നാളെ വേല ആഘോഷം നടക്കും. 100 കിലോഗ്രാം വെടിമരുന്ന് വരെ ഉപയോഗിക്കാമെന്നും പെസോ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് എഡിഎം വെടിക്കെട്ടിന് അനുമതി നല്‍കിയത്. ജനുവരി 5 നു നടക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനുള്ള അനുമതി നാളെ നല്‍കിയേക്കും. തേക്കിന്‍കാട് മൈതാനത്താണ് ഇരുവിഭാഗത്തിന്റെയും വേല വെടിക്കെട്ടുകള്‍ നടക്കുക.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പെസോ മാനദണ്ഡപ്രകാരമുള്ള രേഖകള്‍ സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. കര്‍ശന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് അനുമതി നല്‍കിയത്. ജനുവരി മൂന്ന്, അഞ്ച് തീയതികളിലാണ് വേല ഉത്സവം. ഭക്തരുടെ വിശ്വാസത്തെ മാനിച്ചും ആചാരസംരക്ഷണത്തിനു വേണ്ടിയുമാണ് അനുമതി എന്ന് എഡിഎമ്മിന്റെ അനുമതി പത്രത്തില്‍ വ്യക്തമാക്കുന്നു.

രാത്രി 12.30നും 2നും ഇടയിലാണ് വെടിക്കെട്ട് നടത്തേണ്ടത്. 100 മീറ്ററില്‍ ബാരിക്കേഡ് കെട്ടി ആളുകളെ തടയണം. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കരുത്. പെസോ നിര്‍ദേശിച്ച ഓലപ്പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. വെടിക്കെട്ടിന്റെ വിഡിയോ പകര്‍ത്തി എഡിറ്റ് ചെയ്യാതെ 3 ദിവസത്തിനകം എഡിഎമ്മിന്റെ ഓഫിസില്‍ എത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നേരത്തേ വെടിക്കെട്ടിന് എ.ഡി.എം അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌ഫോടകവസ്തു ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്ത് തൃശ്ശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പെസോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പെസോയുടെ പരീക്ഷ പാസായ, സര്‍ട്ടിഫൈഡ് ആയിട്ടുള്ള ആളുകളുണ്ടെങ്കില്‍ വെടിക്കെട്ടിന് അനുമതി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പാറമേക്കാവിന്റെ പ്രതിനിധി ഫയര്‍ ഡിസ്‌പ്ലേ ഓഫീസറായി പരീക്ഷ പാസായിരുന്നു. തുടര്‍ന്നാണ് എ.ഡി.എം അനുമതി നല്‍കിയത്.

സ്‌ഫോടകവസ്തു ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി 2008-ല്‍ പാസാക്കിയ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കോടതിയില്‍ ഹര്‍ജിക്കാര്‍ വാദിച്ചിരുന്നത്. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുനിന്ന് വെടിക്കെട്ട് നടത്തുന്നതിനായി ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് 200 മീറ്റര്‍ ദൂരം വേണമെന്നതടക്കമുള്ള ഭേദഗതിയിലെ നിര്‍ദേശം 2008-ലെ ചട്ടങ്ങളിലെ നിര്‍ദേശത്തില്‍നിന്ന് ഭിന്നമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ടിന് എ.ഡി.എം. അനുമതി നിഷേധിച്ചത്. വെടിക്കെട്ടിന് അനുമതി നിഷേധിച്ച എ.ഡി.എമ്മിന്റെ ഉത്തരവുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. വേലയുടെ ഭാഗമായി വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോഴത്തെ അനുമതി വേല വെടിക്കെട്ടിനു മാത്രമുള്ളതാണ്. പൂരം വെടിക്കെട്ട് സംബന്ധിച്ച ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

Tags:    

Similar News