ജോലി തേടി ഗള്‍ഫിലെത്തി; ഇന്ന് 500 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകനും പൊതുപ്രവര്‍ത്തകനും: കരിങ്കുന്നത്തുകാരന്‍ ജീസ് ജോസഫ് വളര്‍ന്നത് സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെ
ജോലി തേടി ഗള്‍ഫിലെത്തി; ഇന്ന് 500 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകനും പൊതുപ്രവര്‍ത്തകനും: കരിങ്കുന്നത്തുകാരന്‍ ജീസ് ജോസഫ് വളര്‍ന്നത് സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെ
കരിങ്കുന്നം: കേരളത്തിലെ സാധാരണക്കാരായ യുവാക്കളെ പോലെ എഞ്ചിനീയറിങ് പഠനം കഴിഞ്ഞപ്പോള്‍ മികച്ച ജോലി എന്ന സ്വപ്‌നവുമായാണ് കരിങ്കുന്നത്തുകാരന്‍ ജീസ് ജോസഫ് കടലുകടന്നത്. ആഗ്രഹിച്ചതു പോലെ നല്ലയൊരു ജോലിയും കിട്ടി. ജീവിതം സെറ്റില്‍ ആയെന്ന ചിന്തയായിരുന്നു ആദ്യമൊക്കെ ജീസിന്. എന്നാല്‍ തന്റെ ലോകം ഇതിനും അപ്പുറത്തേക്ക് വളരുമെന്ന ചിന്തയുദിച്ച ജീസ് ഇന്ന് 500 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകനും പൊതുപ്രവര്‍ത്തകനുമാണ്.
ഗള്‍ഫിലെത്തി മൂന്ന് പതിറ്റാണ്ടിനിപ്പുറം ഖത്തറില്‍ സ്വന്തം ബിസിനസ് സാമ്രാജ്യം വിജയകരമായി പണിതുയര്‍ത്താന്‍ ജീസിന് കഴിഞ്ഞു. വേലന്‍കുന്നേല്‍ ജീസ് ജോസഫ് ജോലിക്കായി ആദ്യം ദുബായിലാണ് പോയത്. പിന്നീട് ഖത്തറിലെ ഒരു സ്ഥാപനത്തില്‍ ഡിവിഷന്‍ ഹെഡ്ഡായി ജോലി കിട്ടി. ഇവിടെ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് തനിക്ക്ഒരു സംരംഭകനായാല്‍ എന്താണെന്ന ചിന്ത ജീസില്‍ വളരുന്നത് ജോലിവിട്ട് അതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ച് ദോഹയില്‍ 'ട്രിയൂണ്‍ എന്‍ജിനിയറിങ്' എന്ന നിര്‍മാണക്കമ്പനി തുടങ്ങി. ആത്മാര്‍ത്ഥമായി പണി എടുത്തതോടെ കമ്പനി നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചു. ഇതോടെ സംരംഭം പച്ചപിടിച്ചു.
ഇതോടെ ഖത്തറില്‍ നിന്നും തനിക്കു പരിചയമുള്ള ദുബായിലും കമ്പനിയുടെ ഓഫീസ് തുറന്നു. അവിടെയും കമ്പനി വിജയമായി. ഇതോടെ ജീസിന്റെ ആത്മവിശ്വാസവും വളര്‍ന്നു. നിര്‍മാണമേഖലയില്‍ നിന്നും ഇതോടെ ജീസ് ധാന്യകയറ്റുമതി മേഖലയിലേക്കും ചുവടുവെച്ചു. ഇതിനായി ഫുഡ് ഗ്രെയിന്‍സ് ഇമ്പോര്‍ട്ട് ട്രേഡിങ് സംരംഭം രൂപവത്കരിച്ചു. ജി.സി.സി. രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങി. ഇതിലൂടെ കേരളത്തിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാകാനും ഇദ്ദേഹത്തിന് കഴിഞ്ഞു. കര്‍ഷകരുടെ സംഘടനയായ തൊടുപുഴ കാഡ്സിലെ ഡയറക്ടര്‍ ബോര്‍ഡംഗമാണ്. ഇവിടത്തെ കര്‍ഷകരുടെ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്.
ഇതിനൊക്കം പുറമെ വിദ്യാഭ്യാസമേഖലയിലും ജീസിന്റെ കൈയൊപ്പുണ്ട്. 4500-ല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഖത്തറിലെ അല്‍ തുമാമയിലെ ഒലിവ് വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഡയറക്ടറാണ്. മലപ്പുറത്തെ സെയ്ന്റ് അല്‍ഫോന്‍സ് സ്‌കൂളിലെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. സാമൂഹികസേവനരംഗത്തും ജീസ് നിറസാന്നിധ്യമാണ്. 18 നിര്‍ധന കുടുംബങ്ങള്‍ക്ക് ജീസിന്റെ കമ്പനി ഇതുവരെ വീട് നിര്‍മിച്ച് നല്‍കി. നാട്ടില്‍ താന്‍ പഠിച്ച സ്‌കൂളായ പൊന്നന്താനം സെയ്ന്റ് പീറ്റേഴ്സ് യു.പി.എസിന്റെ നവീകരണവും അദ്ദേഹം നടപ്പാക്കി.
സ്‌കൂളുകളിലും കമ്പനിയിലുമായി അഞ്ഞൂറിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്. ജൂനിയര്‍ ചേംബറിന്റെ 2023-ലെ കര്‍മക്ഷേത്ര അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ജീസും കുടുംബവും 14 വര്‍ഷമായി ഖത്തറിലാണ് സ്ഥിരതാമസം. എങ്കിലും മാസത്തിലൊരിക്കല്‍ കരിങ്കുന്നത്തെ വീട്ടില്‍ വരും. ഭാര്യ: ബിന്ദു. മക്കള്‍: ജെബിന്‍, ജെല്‍ബി, ജൂലിയറ്റ്.