ഭൂമി തരംമാറ്റത്തിലൂടെ സര്‍ക്കാരിന് കിട്ടിയത് 1510 കോടി രൂപ; കാര്‍ഷികമേഖലയ്ക്ക് നല്‍കിയത് വെറും ആറ് ലക്ഷം രൂപ; സംഭരിക്കുന്ന നെല്ലിന്റെ വില നല്‍കാതെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നു; തുക വകമാറ്റാതെ നെല്‍ക്കൃഷിക്ക് വിനിയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: കേരള സര്‍ക്കാര്‍ നിലവില്‍ ഏറ്റുവാങ്ങിയ 1510 കോടി രൂപയുടെ ഭൂമിത്തരംമാറ്റത്തിന്റെ വരുമാനത്തില്‍, കാര്‍ഷികമേഖലയ്ക്ക് നല്‍കിയത് വെറും ആറ് ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. നിയമം പ്രാബല്യത്തിലായതുമുതല്‍ കഴിഞ്ഞ ഒക്ടോബര്‍ 18 വരെയുള്ള കണക്ക് പ്രകാരമാണ് ഭൂമിതരം മാറ്റത്തില്‍ നിന്നും 1510 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ആറ് ലക്ഷം രൂപ ചിലവാക്കി എന്ന് പറയുമ്പോഴും കര്‍ഷകര്‍ക്ക് ലഭിച്ചിരിക്കുന്ന തുക വളരെ ചെറുതാണ് എന്നാണ് കണക്ക്. ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ. കൗശിഗന്‍ ഇത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തിയിലൂടെ സര്‍ക്കാര്‍ കര്‍ഷകമേഖലയോടും പ്രകൃതിശ്രീഷ്ടികളോടും എത്രത്തോളം അനാസ്ഥ കാണിക്കുന്നു എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
15.35 കോടിരൂപ താത്കാലികജീവനക്കാരുടെ ശമ്പളം, കംപ്യുട്ടര്‍, വാഹനങ്ങളുടെ വാടക എന്നീവകയില്‍ ചെലവഴിച്ചതായി പറയുന്നുണ്ടെങ്കിലും ഇത് കാര്‍ഷികാഭിവൃദ്ധിക്കായി ഉപയോഗിച്ചതായി കരുതാനാകില്ല. സംഭരിക്കുന്ന നെല്ലിന്റെവില നല്‍കാതെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നതും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തില്‍ ഭൂമി തരംമാറ്റത്തിലൂടെ സര്‍ക്കാരിന് ഫീസായ കിട്ടിയ 1510 കോടിയും പൂര്‍ണമായും നെല്‍ക്കൃഷിക്ക് വിനിയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നെല്‍ക്കൃഷി സംരക്ഷണത്തിനായി വിനിയോഗിക്കേണ്ട കാര്‍ഷികാഭിവൃദ്ധി ഫണ്ടിലേക്കാണ് തുക കൈമാറേണ്ടത്. നാലുമാസത്തിനകം 25 ശതമാനം തുകയും ബാക്കി 75 ശതമാനം ഒരുവര്‍ഷത്തിനകം മൂന്നുഗഡുക്കളായും കൈമാറണമെന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു. ഡിസംബര്‍ ഒന്നുമുതല്‍ ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് മാറ്റണം.
ഫണ്ട് ഏതെല്ലാം ഇനത്തിലാണ് വിനിയോഗിക്കേണ്ടതെന്ന് സര്‍ക്കാര്‍ രണ്ടു മാസത്തിനകം തീരുമാനിച്ച് റവന്യുവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. കാര്‍ഷികാഭിവൃദ്ധി ഫണ്ട് വര്‍ഷംതോറും സംസ്ഥാന ഓഡിറ്റ് വിഭാഗം ഓഡിറ്റ് ചെയ്ത് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തൃശ്ശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്റെ ഹര്‍ജിയിലാണ് ഉത്തരവ്.
2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തില്‍ കാര്‍ഷികാഭിവൃദ്ധി ഫണ്ട് വേണമെന്നുണ്ട്. വയലുകളുടെ സംരക്ഷണത്തിനും നികത്തിയ പാടങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനുമായി ഈ ഫണ്ട് വിനിയോഗിക്കണമെന്നാണ് ചട്ടം. ഇതില്‍നിന്ന് നെല്‍ക്കൃഷി പ്രോത്സാഹനത്തിനായി തുക അനുവദിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍ വാദിച്ചത്.
1970-കളില്‍ എട്ടുലക്ഷം ഹെക്ടര്‍ സ്ഥലത്തുണ്ടായിരുന്ന നെല്‍ക്കൃഷി രണ്ടുലക്ഷം ഹെക്ടറായി ചുരുങ്ങി. ഇത് കേരളത്തിന്റെ സാമൂഹിക, സാമ്പത്തികസ്ഥിതിയെ ബാധിച്ചിട്ടുണ്ടെന്നും കോടതി ഉത്തരവില്‍ വിലയിരുത്തി.