ദൈവം പലര്‍ക്കും പലതായിരിക്കാം; അത് ഓരോരുത്തരുടെയും അവകാശമാണ്; നിയമപരമായ സത്യപ്രതിജ്ഞയില്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേര് പ്രത്യേകം പറയാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം; ദൈവങ്ങള്‍ ചതിച്ചോ? തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് നിര്‍ണ്ണായകം ഹൈക്കോടതി തീരുമാനം

Update: 2026-01-16 03:31 GMT

തിരുവനന്തപുരം: ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരുമോ എന്നതാണ് ഉയരുന്ന ചോദ്യം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചിച്ചുണ്ട്. തിരുവനന്തപുരത്ത് 101 അംഗ കൗണ്‍സിലാണ്.

ഇവിടെ ബിജെപിക്ക് 50 പേരുണ്ട്. ഒരു സ്വതന്ത്രന്റെ പിന്തുണയിലാണ് ഭരണം. 20 പേരെ ആയോഗ്യരാക്കിയാല്‍ അംഗബലം 30 ആയി ബിജെപിയുടേത് മാറും. അങ്ങനെ വന്നാലും കൗണ്‍സിലിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തില്ലെങ്കില്‍ സ്വതന്ത്ര പിന്തുണയില്‍ ഭരണം തുടരാം. എങ്കിലും ഇത് വലിയ അനിശ്ചിതത്വമായി മാറും. കൗണ്‍സില്‍ അംഗങ്ങളെ അയോഗ്യരാക്കിയ ശേഷമുള്ള തിരഞ്ഞെടുപ്പില്‍ 20 ഇടത്തും ജയിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുകയും ചെയ്യും.

എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി. ദീപക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിര്‍ണ്ണായക ഉത്തരവ്. സാങ്കേതികമായി ഈ കൗണ്‍സിലര്‍മാര്‍ അയോഗ്യരാക്കപ്പെട്ടാല്‍ കോര്‍പ്പറേഷനിലെ ബിജെപിയുടെ കരുത്ത് ചോരുമെന്നാണ് വിലയിരുത്തല്‍. കേരള മുന്‍സിപ്പാലിറ്റി നിയമം (1994) അനുസരിച്ച് കൗണ്‍സിലര്‍മാര്‍ 'ദൈവനാമത്തിലോ' അല്ലെങ്കില്‍ 'സഗൗരവമോ' മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ. എന്നാല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഓരോരുത്തരും ഓരോ ദൈവങ്ങളുടെയും വ്യക്തികളുടെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതാണ് ഇപ്പോള്‍ നിയമക്കുരുക്കായി മാറിയിരിക്കുന്നത്.

ശ്രീ പത്മനാഭ സ്വാമി, ഉദിയന്നൂര്‍ ദേവി, ആറ്റുകാല്‍ അമ്മ, ഗുരുദേവന്‍, ഭാരതാംബ, തിരുവല്ലം പരശുരാമന്‍, അയ്യപ്പന്‍, കാര്യവട്ടം ധര്‍മ്മശാസ്താവ്, പ്രസ്ഥാനത്തിലെ ബലിദാനികള്‍ എന്നിങ്ങനെ നീളുന്നു സത്യപ്രതിജ്ഞ ചെയ്ത രീതികളും പട്ടിക. നിയമം അനുശാസിക്കുന്ന ഫോര്‍മാറ്റിലല്ല ഈ സത്യപ്രതിജ്ഞയെന്നും അതിനാല്‍ ഇവ അസാധുവാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

'ദൈവം പലര്‍ക്കും പലതായിരിക്കാം, അത് ഓരോരുത്തരുടെയും അവകാശമാണ്. എന്നാല്‍ നിയമപരമായ സത്യപ്രതിജ്ഞാ വേളയില്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേര് പ്രത്യേകം പറയാന്‍ സാധിക്കുമോ എന്നത് പരിശോധിക്കേണ്ടതുണ്ട്' എന്ന് കോടതി നിരീക്ഷിച്ചു. ഈ കേസില്‍ കോടതി എടുക്കുന്ന അന്തിമ തീരുമാനം ബിജെപിക്ക് അതീവ നിര്‍ണ്ണായകമാണ്.

സത്യപ്രതിജ്ഞ നിയമവിരുദ്ധമെന്ന് കണ്ടാല്‍ 20 കൗണ്‍സിലര്‍മാരും സാങ്കേതികമായി അയോഗ്യരാക്കപ്പെടാം, ഇവര്‍ക്ക് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാനോ വോട്ട് ചെയ്യാനോ സാധിക്കില്ല. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിലവില്‍ ശക്തമായ സ്വാധീനമുള്ള ബിജെപിയുടെ അംഗബലം കുറയും കുറയും. ഭരണസ്വാധീനം പൂര്‍ണ്ണമായും ഇല്ലാതാകാനും ഇത് കാരണമാകും.

Tags:    

Similar News