സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ആദ്യ നടപടി; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയോടെ തിരിച്ചടക്കണം; നടപടി മണ്ണ് സംരക്ഷണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെയുള്ളവര്‍ക്ക് എതിരെ

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ആദ്യ നടപടി

Update: 2024-12-19 05:41 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കവേ അനധികൃതമായി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിയവര്‍ക്കെതിരെ അധികൃതര്‍ നടപടി തുടങ്ങി. പെന്‍ഷന്‍ തട്ടിപ്പു നടത്തിയ ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയാണ് ആദ്യം നടപടി കൈക്കൊണ്ടിരിക്കുന്നത്. ഇവരെ സസ്‌പെന്റ് ചെയ്തു. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെ നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും. അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു അടക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ നടപടിയുടെ തുടക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കോളേജ് പ്രൊഫസര്‍മാര്‍ അടക്കമുള്ളവര്‍ തട്ടിപ്പു നടത്തിയവരുടെ കൂട്ടത്തില്‍ പെടും. ഉന്നതരായ ഇവര്‍ക്കെതിരെയും നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം.

രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ് ജോലി എടുക്കുന്നത്. ഒരാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളേജില്‍ ജോലി ചെയ്യുന്നു. ഹയര്‍ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്ളത്. 373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 224 പേര്‍. മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും, ആയൂര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും, മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും, പൊതു മരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേരും, ഹോമിയോപ്പതി വകുപ്പില്‍ 41 പേരും. കൃഷി, റവന്യു വകുപ്പുകളില്‍ 35 പേര്‍ വീതവും, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 പേരും, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31 പേരും, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27 പേരും, ഹോമിയോപ്പതിയില്‍ 25 പേരും ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നു.

മറ്റ് വകുപ്പുകളിലും സ്ഥാപനങ്ങിലും പെന്‍ഷന്‍ പറ്റുന്നവരുടെ എണ്ണം ചുവടെ: വില്‍പന നികുതി 14 വീതം, പട്ടികജാതി ക്ഷേമം 13, ഗ്രാമ വികസനം, പൊലീസ്, പിഎസ്സി, ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ 10 വീതം, സഹകരണം എട്ട്, ലജിസ്ലേച്ചര്‍ സെക്രട്ടറിയറ്റ്, തൊഴില്‍ പരിശീലനം, പൊതുഭരണം, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഏഴു വീതം, വനം വന്യജീവി ഒമ്പത്, സോയില്‍ സര്‍വെ, ഫിഷറീസ് ആറു വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയര്‍ഫോഴ്സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് നാലു വീതം, സാമൂഹിക ക്ഷേമം, രജിസ്ട്രേഷന്‍, മ്യുസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്സൈസ്, ആര്‍ക്കിയോളജി മൂന്നു വീതം, തൊഴില്‍, ലീഗല്‍ മെട്രോളജി, മെഡിക്കല്‍ എക്സാമിനേഷന്‍ ലബോട്ടറി, എക്ണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ്, ലാ കോളേജുകള്‍ രണ്ടു വീതം, എന്‍സിസി, ലോട്ടറീസ്, ജയില്‍, തൊഴില്‍ കോടതി, ഹാര്‍ബര്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ്, ഡ്രഗ്സ് കണ്‍ട്രോള്‍, വിന്നോക്ക വിഭാഗ വികസനം, കയര്‍ വകിസനം ഒന്നു വീതം.

വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് ധന വകുപ്പ് തീരുമാനം. അനര്‍ഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അര്‍ഹരായവര്‍ക്ക് മുഴുവന്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് ധന വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Tags:    

Similar News