2016 മുതല്‍ 2023 വരെ മാത്രം കേരളത്തില്‍ 55,839 വന്യജീവി ആക്രമണങ്ങള്‍; ഇതില്‍ എട്ട് വര്‍ഷത്തിനിടെ മരിച്ചത് 909 പേര്‍; പരിക്കേറ്റ് കിടപ്പില്‍ കിടക്കുന്നത് 7492 പേര്‍: നഷ്ടപരിഹാരം ലഭിച്ചത് 706 പേര്‍ക്ക് മാത്രം; നഷ്ടപരിഹാരം കിട്ടാതെ നിരവരധി കുടുംബങ്ങള്‍; ദുരിതം വിട്ടുമാറാതെ ജനങ്ങള്‍
തിരുവനന്തപുരം: മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചതോടെ കേരളത്തില്‍ വന്യജീവി ആക്രമണങ്ങളുടെ വേദന വീണ്ടും ചര്‍ച്ചയാകുന്നു. സമീപകാലത്ത് ഈ ആക്രമണങ്ങളില്‍ വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വനംമന്ത്രി എ. കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, 2016 മുതല്‍ 2024 വരെ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ 909 പേരാണ് മരിച്ചത്.
7492 പേര്‍ക്ക് വന്യജീവിയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരില്‍ ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും ആകാതെ കിടന്ന കിടപ്പില്‍ തന്നെ ജീവിതം മുന്നോട്ട് നീക്കുന്നവരുമുണ്ട്. നിരവധി പേരുടെ ജീവനാണ് വന്യജീവി ആക്രമണത്തിലൂശട ബാധിക്കപ്പെട്ടിരിക്കുന്നത്. 2016 മുതല്‍ 2023 വരെ മാത്രം കേരളത്തില്‍ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 2016 മുതല്‍ 2024 വരെയുള്ള കണക്ക് അനുസരിച്ച് വന്യജീവി ആക്രമണത്തില്‍ മരിച്ചത് 909 പേരാണ്.
2016ല്‍ 142 പേരാണ് കൊല്ലപ്പെട്ടത്. 2017 ല്‍ 110 പേരും 2018 ല്‍ 134 പേരും വന്യജീവി ആക്രമങ്ങളില്‍ കൊല്ലപ്പെട്ടു. 2019 ല്‍ 100 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2020 ല്‍ 100 പേര്‍ക്കാണ് വന്യജീവി ആക്രമങ്ങളില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. 2021ല്‍ 127 പേരും, 2022ല്‍ 111 പേരും, 2023 ല്‍ 85 പേരും കൊല്ലപ്പെട്ടു. അതേസമയം വനംമന്ത്രി നിയമസഭയില്‍വെച്ച കണക്കുപ്രകാരം 909 പേര്‍ കൊല്ലപ്പെട്ടെങ്കിലും നഷ്ടപരിഹാരം ലഭിച്ചത് 706 പേര്‍ക്ക് മാത്രമാണ്.
കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ കുടുംബത്തിന് സഹായധനം വൈകില്ലെന്നും ഇന്നുതന്നെ നല്‍കുന്നതിന് നടപടി സ്വീകരിച്ചതായും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.രണ്ടു ഗഡുക്കളായാണ് സാധാരണ സഹായധനം നല്‍കാറുള്ളതെങ്കിലും എല്‍ദോസിന്റെ കുടുംബത്തിന് ഇന്നു തന്നെ മുഴുവന്‍ തുകയും നല്‍കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കാട്ടാന് ഇളക്കിയിട്ട പന ദേഹത്ത് വീണ് എഞ്ചിനീയറിങ് വിദ്യര്‍ത്ഥിനി മരിച്ചിരുന്നു. ഇതും കോതമംഗലത്താണ്. സ്‌കൂട്ടറില്‍ പേകുമ്പോഴായിരുന്നു അപകടം. ഇതിന് പിന്നാലെ എല്‍ദോസിന്റെ മരണവും. ഈ രണ്ട് സംഭവത്തിന്റെ ഞെട്ടലിലാണ് ഇവിടുത്തെ നാട്ടുകാര്‍.